'രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി'; അംബിക പറയുന്നു
മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979 ലാണ് അംബിക തമിഴ് സിനിമയിൽ ചുവടുറപ്പിക്കുന്നത്. ഒരുവിധം എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നടി അഭിനയിച്ചു.
സിനിമാലോകത്ത് 40 വർഷം പൂർത്തിയാക്കിയ നടി ഇപ്പോഴും സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ നടി അഭിമുഖങ്ങൾ നൽകി വരാറുണ്ട്. അത്തരമൊരു അഭിമുഖത്തിൽ നടി പങ്കുവെച്ച കാര്യങ്ങളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
'രജനികാന്തിനൊപ്പം അഭിനയിച്ച മാവീരൻ എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെ താൻ അഭിനയിക്കുന്നതിനിടെ വലിയൊരു അപകടത്തിൽ പെട്ടു. ഈ ചിത്രത്തിലെ ഒരു ഗാനരംഗം മൈസൂരിലാണ് ചിത്രീകരിച്ചത്. രജനികാന്ത് എന്നെയും എടുത്ത് കുതിരപ്പുറത്തിരുന്ന് പോകുന്നതാണ് സീൻ.
ആ സമയത്ത് അവരെനിക്ക് നൈലോൺ തുണികൊണ്ടുള്ള ഒരു വസ്ത്രമാണ് തന്നത്. കുതിരപ്പുറത്തേക്ക് ചാടി കയറിയപ്പോൾ ആ തുണി തെന്നി, ഒപ്പം ഞാൻ താഴെ വീഴുകയും ചെയ്തു. വളരെ വേഗത്തിൽ ചെയ്യുന്ന സീനായിരുന്നത് കൊണ്ട് കുതിര എന്നെയും വലിച്ചോണ്ട് കുറച്ചു ദൂരം പോയി. ഇതുകണ്ട് സെറ്റിലുള്ള എല്ലാവരും ഞെട്ടി. ഭാഗ്യവശാൽ എനിക്ക് കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നുമാണ്', അംബിക പറഞ്ഞത്.
അതേ സമയം തന്റെ സഹോദരിയും നടിയുമായ രാധയെ കുറിച്ചും അംബിക സംസാരിച്ചിരുന്നു. ഞാനും രാധയും ഒരേ സമയത്താണ് സിനിമയിലെത്തിയത്. എങ്കിലും ഞങ്ങൾക്കിടയിൽ മത്സരമോ അസൂയയോ ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. ഒരിക്കൽ ശിവകുമാർ സാർ എന്നോട് പറഞ്ഞു, 'രാധയാണ് മികച്ച നടിയെന്ന്' ശിവകുമാർ പറഞ്ഞത് അതുപോലെ രാധയോട് പറയാൻ എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളു എന്നും അവിടെ വിഷമിക്കേണ്ടതായി വന്നില്ലെന്നും' അംബിക കൂട്ടിച്ചേർത്തു.
സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ താൻ എന്താവുമായിരുന്നു എന്നതിനെ കുറിച്ചും അംബിക സംസാരിച്ചിരുന്നു. 'നിയമം പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനാൽ, സിനിമയിലല്ലെങ്കിൽ ഞാൻ ഒരു അഭിഭാഷക ആകുമായിരുന്നു. പക്ഷേ ഒരു സിനിമാ നടിയായതിൽ വളരെ സന്തോഷമുണ്ട്. പുനർജന്മം എന്നൊന്നുണ്ടെങ്കിൽ, ഞാൻ ഇതേ കുടുംബത്തിൽ, ഇതേ മാതാപിതാക്കളുടെ മകളായി, ഇതേ സഹോദരിമാരോടൊപ്പം ജനിക്കണമെന്നാണ് ആഗ്രഹമെന്നും' നടി പറഞ്ഞു.