അങ്കമാലി ഡയറീസ് കണ്ട് ആ നടി തിയറ്ററിൽ നിന്നും ഇറങ്ങിപ്പോയി, കാരണം.....; ചെമ്പൻ വിനോദ്

Update: 2024-03-12 07:48 GMT

ശ്രദ്ധേയമായ സിനിമകളിലൂടെ മലയാള സിനിമാ രംഗത്ത് സ്ഥാനമുറപ്പിച്ച നടനാണ് ചെമ്പൻ വിനോദ്. ഈ മാ യോ, പൊറിഞ്ച് മറിയം ജോസ് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ചെമ്പൻ വിനോദ് കാഴ്ച വെച്ചു. നടനെന്നതിനൊപ്പം തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് തിരക്കഥാകൃത്തായി ചെമ്പൻ വിനോദ് തുടക്കം കുറിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. മലയാള സിനിമാ രംഗത്ത് വലിയ തോതിൽ അങ്കമാലി ഡയറീസ് ചർച്ചയായി. ഒരുപിടി പുതുമുഖങ്ങളുമായെത്തിയ സിനിമ ഇത്ര വലിയ ഹിറ്റാകുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. അങ്കമാലി ഡയറീസിനെക്കുറിച്ചും പ്രേക്ഷകരുടെ അഭിരുചികളെക്കുറിച്ചും ചെമ്പൻ വിനോദ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ മാലൈക്കോട്ടെ വാലിബൻ എന്ന സിനിമയ്ക്ക് വന്ന സമ്മിശ്ര അഭിപ്രായങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം. മലൈക്കോട്ടെ വാലിബന് ശേഷം ഇറങ്ങിയ മൂന്ന് സിനിമകൾ ഒരേ സമയം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഞാൻ തിയറ്ററിൽ പോയി ആദ്യമായാണ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുന്നത്. ഭ്രമയുഗത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.

വേറെയൊരു പ്രമേയവും പാറ്റേണും. നമ്മൾ പണ്ട് മനോരമയിലൊക്കെ വായിച്ച കഥകളെ പോലെ. പ്രേമലു ഒരു റൊമാന്റിക് കോമഡിയാണ്. മഞ്ഞുമ്മൽ ബോയ്‌സ് ഒരു സർവൈവൽ ത്രില്ലറാണ്. മൂന്നും വ്യത്യസ്ത പ്രമേയമാണ്. അവതരിപ്പിക്കേണ്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ മൂന്നും നല്ലതെന്ന് ആളുകൾ പറഞ്ഞു.

ചില പ്രമേയങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അങ്കമാലി ഡയറീസ് കണ്ട് എന്റെ കൂടെ അഭിനയിച്ച മലയാള സിനിമയിലെ നല്ലൊരു നടി തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. കാരണം അവർക്ക് പന്നി, ബോംബ് പൊട്ടുന്നത് ഒന്നും ഇഷ്ടപ്പെട്ടില്ല. പക്ഷെ അങ്കമാലി ഡയറീസ് സൂപ്പർഹിറ്റ് സിനിമയായിരുന്നു. ഞങ്ങൾക്ക് സാമ്പത്തികമായി പേരും പ്രശസ്തിയുമെല്ലാം കിട്ടിയ സിനിമയാണ്.

ഏത് സിനിമയായാലും നല്ലതെന്ന് കൂടുതൽ ആളുകൾ പറയുന്നത് വിജയിക്കപ്പെടുന്നു. അഭിപ്രായങ്ങൾ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകും. ഒരു സിനിമ വിജയിച്ചാൽ അത് കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നാണ് അർത്ഥം. പക്ഷെ അത് വർക്കാകത്തവരും ഉണ്ടാകും. എനിക്ക് തന്നെ ചില സൂപ്പർഹിറ്റ് സിനിമകൾ ഇഷ്ടമല്ല. ആ കഥ എന്നോട് വന്ന് പറഞ്ഞാൽ പോലും ഞാൻ ചെയ്യില്ല. പക്ഷെ അത് സൂപ്പർഹിറ്റ് സിനിമകളാണെന്ന് ചെമ്പൻ വിനോദ് ചൂണ്ടിക്കാട്ടി.

Tags:    

Similar News