സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബർ അറ്റാക്കുകൾക്കെതിരെ നടിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അവർ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭിരാമി പറഞ്ഞു.
നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ താൻ സംസാരിക്കുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്ന് അഭിരാമി പറഞ്ഞു.
പച്ചത്തെറി വിളിച്ചിട്ടാണ് ഇവർ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ നിയമപരമായി മുന്നോട്ടുപോവും. എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. പാപ്പു ഹാപ്പിയാണ്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ് എന്നും താരം പറഞ്ഞു. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്‌ക്രീൻഷോട്ടുകളും അഭിരാമി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.