ഒരു മലയാളം പ്രൊഡ്യൂസർ ഡേറ്റിനായി രജനികാന്തിന്റെ പിന്നാലെ നടന്നു; രജനി മൈൻഡ് ചെയ്തില്ല, മുമ്പ് ചാൻസ് ചോദിച്ചപ്പോൾ രജനിയെ അയാൾ ആക്ഷേപിച്ചിരുന്നു; ശ്രീനിവാസൻ

Update: 2023-06-26 12:45 GMT

സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിംചേമ്പർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് തന്റെ സീനിയറായി പഠിച്ചിരുന്നുവെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെമ്പർമാരായ സിനിമാക്കാരുടെ പിന്നാലെ ചാൻസ് തേടി നിരവധിതവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.

ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്ന് രജനീകാന്ത് സൂപ്പർസ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു. ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെമ്പർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ് അഭ്യർഥിച്ചു നടന്നു.

മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ. രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചതെന്നും ശ്രീനിവാസൻ പറഞ്ഞു.

Similar News