56-കാരിക്ക് വരന്‍ 19-കാരന്‍, പ്രണയം തുടങ്ങിയിട്ട് 2 വര്‍ഷം

Update: 2022-10-20 10:42 GMT


രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മുഴുവന്‍ മാറുന്നു.' മെക്‌സിക്കന്‍ കവി ഒക്ടാവിയോ പാസിന്റെ പ്രണയവരികളാണിത്. ലോകം ഏറ്റെടുത്ത വരികള്‍. അവിടെ രണ്ടു പേര്‍ മാത്രമേയുള്ളൂ. അവരുടെയുള്ളിലോ തിരയടങ്ങാത്ത പ്രണയമഹാസമുദ്രവും.

ദേശവും പ്രായവും ബാധകമല്ലാത്ത എത്രയോ പ്രണയങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. വിഖ്യാത എഴുത്തുകാരന്‍ ഷേക്‌സ്പിയര്‍ തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. ക്രിക്കറ്റ് ദൈവം എന്നു വാഴ്ത്തുന്ന നമ്മുടെ സ്വന്തം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹം കഴിച്ചതും തന്നെക്കാള്‍ പ്രായം കൂടിയ സ്ത്രീയെയാണ്. പ്രണയിക്കാന്‍ പ്രായം ഒരു തടസമാണോ? പ്രായം വെറും സംഖ്യ മാത്രം എന്നാണു പലരും പറയുക. ശരീരത്തിനു പ്രായമാകുന്നതു പോലെ മനസിനു പ്രായമാകില്ലത്രെ!

ഒരു വിവാഹ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. വടക്കു കിഴക്കന്‍ തായ് ലന്‍ഡിലെ സഖോണ്‍ നഖോണ്‍ പ്രവിശ്യക്കാരാണ് ഈ അപൂര്‍വ പ്രണയജോഡികള്‍. 56-കാരിയ ജാന്‍ല തന്റെ വരനായി തെരഞ്ഞെടുത്ത വുത്തിച്ചായ് ചന്തരാജിന്റെ പ്രായം വെറും 19 വയസു മാത്രം. 37 വയസിന്റെ വ്യത്യാസം ഇവരുടെ ബന്ധത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ജാന്‍ല വിവാഹമോചിതയാണ്. ജാന്‍ലയ്ക്കു മക്കളും മൂന്നു കൊച്ചുമക്കളുമുണ്ട്.വുത്തിച്ചായിക്ക് പത്തു വയസു പ്രായമുള്ളപ്പോഴാണ് ജാന്‍ലയെ കണ്ടുമുട്ടുന്നത്. ജാന്‍ലയുടെ വീട്ടില്‍ ജോലിക്കായി വുത്തിച്ചായി പോകുകമായിരുന്നു. അങ്ങനെയാണ് അവര്‍ പരിചയത്തിലാകുന്നത്. തുടര്‍ന്ന് അവര്‍ അടുത്തു. രണ്ടു വര്‍ഷം മുമ്പാണ് അവര്‍ തീവ്രപ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത് അടുത്തിടെയാണ്.

തങ്ങളുടെ ബന്ധത്തെ സമൂഹം എങ്ങനെ കാണുമെന്ന കാര്യത്തില്‍ ഭയമില്ല. ജാന്‍ല സത്യസന്ധയാണ്. കഠിനാധ്വാനിയും. അവര്‍ക്കൊപ്പം ജീവിക്കാന്‍ താന്‍ അതിയായി ആഗ്രഹിക്കുന്നുവെന്ന് വുത്തിച്ചായ് പറയുന്നു. താന്‍ സന്തുഷ്ടയാണെന്നും കൂടുതല്‍ ചെറുപ്പമായതു പോലെ തോന്നുന്നെന്നും ജാന്‍ല പറഞ്ഞു. പ്രണയം മനസിന്റെ ആഘോഷമാണ്. സ്ത്രീയുടെയും പുരുഷന്റെയും വിവരണങ്ങള്‍ക്കതീതമായ മഹാലോകം. ജാന്‍ലയ്ക്കും വുത്തിച്ചായ്ക്കും മംഗളാശംസകള്‍.

Similar News