പലരും ഇട്ടുനോക്കിയ വസ്ത്രങ്ങളാണെന്ന് തോന്നുമ്പോഴേ ശരീരം ചൊറിയുമെന്ന് നടി ഷീലു എബ്രഹാം
ആടുപുലിയാട്ടം, പട്ടാഭിരാമന്‍, ഷീ ടാക്‌സി തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ഷീലു അബ്രഹാം. കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ജിമ്മും തിയേറ്ററും ഉള്‍പ്പെടെ ആഢംബര സൗകര്യങ്ങളുള്ള വീടിനെക്കുറിച്ചുള്ള വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ താരത്തിനു മടിയാണത്രെ ! പലപ്പോഴും ആളുകള്‍ ഇട്ടുനോക്കിയ വസ്ത്രങ്ങളായിരിക്കും കടകളിലുണ്ടാകുക. അക്കാര്യങ്ങള്‍ ഓര്‍മ വരുമ്പോഴെ ശരീരം ചൊറിയാന്‍ തുടങ്ങും. മനസിനു തൃപ്തിയുണ്ടാകില്ല. ഒന്നും കൂടുതലായി വാങ്ങുന്ന സ്വഭാവം തനിക്കില്ലെന്നും താരം വെളിപ്പെടുത്തുന്നു. അതിനുള്ള കാരണങ്ങള്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നു തനിക്കറിയല്ലെന്നും താരം.
വീടിനു വെളിയിലിറങ്ങാന്‍ താത്പര്യക്കുറവും താരത്തിനുണ്ട്. വീടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടാനാണ് താത്പര്യം. പിന്നെ സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പുറത്തിറങ്ങാതെ പറ്റില്ലല്ലോ. ഒസിഡി ഉള്ള ആളാണ് താനെന്നും ഷീലു വെളിപ്പെടുത്തുന്നു. വീടിനുള്ളില്‍ എല്ലാ സാധനങ്ങളും കൃത്യമായി ഒതുക്കിവയ്ക്കുന്ന പ്രകൃതക്കാരിയാണ്. സാധനങ്ങള്‍ ക്രമം തെറ്റിക്കിടക്കുന്നതോ, അലക്ഷ്യമായി ഇടുന്നതോ തനിക്കിഷ്ടമല്ലെന്നും ഷീലു പറയുന്നു.
സെലക്ടീവായതുകൊണ്ടാകാം അല്ലെങ്കില്‍ ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമകളില്‍ മാത്രം അഭിനയിക്കുന്നതുകൊണ്ടാകാം വളരെ കുറച്ചു സിനിമകളില്‍ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. അതേസമയം, വേഷമിട്ട കഥാപാത്രങ്ങളെല്ലാം മികച്ചവയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണു താരം. ഇന്‍സ്റ്റയിലും യുട്യൂബിലും ഷീലുവിനു നിരവധി ആരാധകരുണ്ട്.