ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ജനസംഖ്യയിൽ രണ്ടു വർഷത്തിനിടെ 7.3% വർധന. 2021നെ അപേക്ഷിച്ച് 2023ൽ ജനസംഖ്യ വർധിച്ച് 57.6 ദശലക്ഷത്തിലെത്തി. 2021ൽ ജി.സി.സി ജനസംഖ്യ 53.6 ദശലക്ഷമായിരുന്നു. ജി.സി.സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ ജനസംഖ്യ വർധനയിൽ ബഹ്റൈൻ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് വർഷ കാലയളവിനുള്ളിൽ 3.9 ദശലക്ഷത്തിന്റെ ശ്രദ്ധേയമായ വർധനയാണ് ജി.സി.സി രാജ്യങ്ങളിലുണ്ടായതെന്ന് കണക്കുകൾ പറയുന്നു.
ബഹ്റൈനിൽ ജനസംഖ്യയിൽ 4.8% വർധനയുണ്ടായി. 2021ൽ 1.5 ദശലക്ഷമായിരുന്നത് 2023ൽ 1.6 ദശലക്ഷമായി ഉയർന്നു. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ജനസംഖ്യ വളർച്ച കുവൈത്തിലാണ്. 16.5% വർധനയാണ് കുവൈത്തിലുണ്ടായത്. 2021ൽ 4.2 ദശലക്ഷമായിരുന്നത് 2023ൽ 4.9 ദശലക്ഷത്തിലെത്തി.
ഒമാനിൽ 14.1% ജനസംഖ്യ വർധനയുണ്ടായി. 2021ൽ 4.5 ദശലക്ഷമായിരുന്നത് 2023ൽ 5.2 ദശലക്ഷത്തിലെത്തി. ഖത്തറിലും വളർച്ചയുണ്ടായി. 11.5% ജനസംഖ്യ വർധനയാണ് രേഖപ്പെടുത്തിയത്. 2021ലെ 2.7 ദശലക്ഷത്തിൽനിന്ന് 2023 ആയപ്പോൾ 3.1 ദശലക്ഷമായി. യു.എ.ഇയിൽ 8.3% ജനസംഖ്യ വളർച്ചയുണ്ടായി. 2021ൽ 9.9 ദശലക്ഷമായിരുന്നു യു.എ.ഇയിലെ ജനസംഖ്യ. 2023 ആയപ്പോൾ ഇത് 10.7 ദശലക്ഷത്തിലെത്തി. ജനസംഖ്യയുടെ കാര്യത്തിൽ സൗദി അറേബ്യയാണ് ജി.സി.സികളിൽ ഒന്നാം സ്ഥാനത്ത്.
2021ൽ 30.8 ദശലക്ഷത്തിൽനിന്ന് 2022ൽ 32.2 ദശലക്ഷത്തിലെത്തി. 4.5% വർധനയാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. 2080ഓടെ ആഗോള ജനസംഖ്യ 10.2 ബില്യണിലെത്തുമെന്നാണ് കരുതുന്നത്. 2023ൽ ലോക ജനസംഖ്യ 8.2 ബില്യണായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു.