മറ്റൊരാളുടെ വാഹനം മനഃപൂർവം കത്തിച്ചതിന് ഏഷ്യക്കാരനായ പ്രവാസിക്ക് ജയിൽശിക്ഷ. ഒരു വർഷം തടവിന് ശിക്ഷിച്ച ഹൈ ക്രിമിനൽ കോടതി ജയിൽ ശിക്ഷക്ക് പുറമെ, 180 ദീനാർ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. ശിക്ഷ കാലാവധി പൂർത്തിയാകുമ്പോൾ രാജ്യത്തുനിന്ന് നാടുകടത്തും.
പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് വാഹനത്തിന് തീയിട്ടതിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യംചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. കാറിന്റെ ടയറിനടിയിൽനിന്ന് കത്തിയ തുണി കണ്ടെത്തി. ഇതിൽനിന്ന് പ്രതി മനഃപൂർവം തീകത്തിച്ചതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.