ബഹ്‌റൈനിൽ ഈത്തപ്പഴ സംസ്‌കരണ ഫാക്ടറി വരുന്നു. മൂന്നു ലക്ഷം ദിനാർ ആണ് ഫാക്ടറി സ്ഥാപിക്കാൻ വേണ്ടി ആവശ്യം. ഇത്രയും രൂപ നിക്ഷേപിക്കാൻ തയ്യാറായി സ്വകാര്യ കമ്പനികൾ രംഗത്തുവന്നിട്ടുണ്ടെന്ന് കൃഷിമന്ത്രി വലേൽ ആൽ മുബാറക് അറിയിച്ചു. ഫാക്ടറിക്കാവശ്യമായ സ്ഥലം നൽകാൻ സർക്കാർ തയാറാണ്. പദ്ധതിയുടെ ടെൻഡർ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശൂറ കൗൺസിലിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു
2000 ചതുരശ്രമീറ്റർ സ്ഥലമാണ് ഫാക്ടറിക്കായി നൽകുക. വർഷത്തിൽ 5000 ടൺ ഈത്തപ്പഴം സംസ്‌കരിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ ഇത്രയാണ് സംസ്‌കരിക്കാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും പിന്നീട് ഫാക്ടറിയുടെ ശേഷി 15,000 ടൺ ആയി വർധിപ്പിക്കാൻ ആണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഒരു വർഷം 13,000 ടണ്ണിനും 14,000 ടണ്ണിനും ഇടയിൽ ഈത്തപ്പഴമാണ് ഇപ്പോൾ ബഹ്‌റൈനിൽ ഉത്പാതിപ്പിക്കുന്നത്. ഇത് വർധിപ്പിക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. ഈത്തപ്പഴ സംസ്‌കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങളും അനുബന്ധ ഉൽപന്നങ്ങളും നിർമിക്കാനും പദ്ധതിയുണ്ട്.