മനാമ ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്സ്പോ 2024 ഡിസംബറിൽ നടക്കും. ഡിസംബർ 12 മുതൽ 14 വരെ എക്സിബിഷൻ വേൾഡിലാണ് എക്സ്പോ. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയും സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) സി.ഇ.ഒ മറിയം അൽ ജലഹ്മ പറഞ്ഞു.
ജി.സി.സിയിലെ തന്നെ പ്രധാന മെഡിക്കൽ എക്സിബിഷൻ ആയിരിക്കുമിത്. ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്, തംകീൻ തുടങ്ങിയവയുടെ പങ്കാളിത്തമുണ്ടാകും. ആഫ്രിക്ക, മിഡിലീസ്റ്റ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, ഉൽപന്നങ്ങൾ,ഹെൽത്ത് കെയർ ടെക്നോളജി എന്നിവ പ്രദർശിപ്പിക്കും. 9000 m2 എക്സ്പോ സ്പേസാണ് ഒരുക്കുന്നത്.10,000 ലധികം സന്ദർശകരെ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.200ലധികം സ്റ്റാളുകളുണ്ടായിരിക്കും.നൂറിലധികം പ്രഭാഷകരാണ് ഇത്തവണ വിവിധ സെഷനുകളിലായി സംസാരിക്കുന്നത്. എക്സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.