ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജീൻപിങ്ങിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ചൈന നന്ദർശനം. അറബ്, ചൈനീസ് സഹകരണ ഓപൺ ഫോറത്തിലും ഹമദ് രാജാവ് പങ്കെടുക്കും.
രാജാവിനെ ചൈനീസ് വിദ്യാഭ്യാസ മന്ത്രി ഹുവായ് ജിൻപെങ് സ്വീകരിച്ചു. ചൈനയിലെ ബഹ്റൈൻ അംബാസഡർ ഡോ. മുഹമ്മദ് ഗസ്സാൻ അദ്നാൻ ശൈഖോ, ബഹ്റൈനിലെ ചൈനീസ് അംബാസഡർ നി രുചി, ഹോങ്കോങ്ങിലെ ബഹ്റൈൻ കോൺസൽ ഓസ്കാർ ചൗ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
1989 ലാണ് ഔദ്യോഗികമായി ചൈനയുമായി ബഹ്റൈൻ നയതന്ത്രബന്ധം സ്ഥാപിച്ചത്. 35 വർഷമായി തുടരുന്ന നയതന്ത്രബന്ധത്തിന് പുതിയ മാനങ്ങൾ നൽകാൻ ഹമദ് രാജാവിന്റെ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലസ്തീൻ പ്രശ്നം അന്താരാഷ്ട്രതലത്തിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന സമയത്തുള്ള സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് മധ്യ പൗരസ്ത്യ ദേശത്ത് സമാധാന സമ്മേളനം വിളിക്കണമെന്ന ഹമദ് രാജാവിന്റെ നിർദേശത്തെ ചൈനീസ് പ്രസിഡന്റ് സ്വാഗതം ചെയ്തിരുന്നു. യു.എന്നിൽ ഫലസ്തീന് പൂർണാംഗത്വം നൽകുന്നതിനും അതുവഴി ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബഹ്റൈനും ചൈനക്കുമിടയിലുള്ള വ്യാപാര, സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിനും സന്ദർശനം വഴിത്തിരിവാകും. വിവിധ നേതാക്കളുമായി ഉന്നതതല യോഗങ്ങളും ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.