ബഹ്റൈൻ പ്രവാസികള്‍ക്ക് തിരിച്ചടി; വിസ മാറ്റുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി
വിസ മാറ്റുന്നതിനുള്ള ഫീസ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ബഹ്‌റൈന്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2014ലെ ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഫീസ് വര്‍ധിപ്പിച്ചത്. ഈ മാസം 19നാണ് ഒഫീഷ്യല്‍ ഗസറ്റില്‍ ഉത്തരവ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി എന്ന് അധികൃതര്‍ അറിയിച്ചു.
വിസിറ്റ് വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസ് നേരത്തെ 60 ദിനാര്‍ ആയിരുന്നു. ഇപ്പോള്‍ 250 ദിനാര്‍ ആക്കിയാണ് വര്‍ധിപ്പിച്ചത്. സ്‌പോണ്‍സര്‍ മാറാതെയുള്ള വിസ മാറ്റത്തിനുള്ള ഫീസ് ആണ് വര്‍ധിപ്പിച്ചത്. 400 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. വിസിറ്റ് വിസ ഫാമിലി റിയുണിഫിക്കേഷന്‍ വിസയാക്കി മാറ്റുന്നതിനുള്ള ഫീസിലും മാറ്റമുണ്ട്.
ഫാമിലി റിയുണിഫിക്കേഷന്‍ വിസ വര്‍ക്ക് വിസയാക്കി മാറ്റുന്നതിനുള്ള ഫീസും പുതുക്കി. രണ്ട് വിസ മാറ്റത്തിനും 250 ദിര്‍ഹമാണ് പുതിയ ഫീസ്. ബഹ്‌റൈനിലെത്തിയ ശേഷം വിസ മാറ്റുന്നതിനുള്ള നിരക്കുകളിലാമാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം, ബഹ്‌റൈനില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം വീണ്ടും ലഭ്യമായി തുടങ്ങിയ എന്ന വിവരവും പുറത്തുവന്നു.
സൗദി അറേബ്യയില്‍ എത്തുന്ന പ്രവാസി കുടുംബങ്ങള്‍ വിസ പുതുക്കാന്‍ വേണ്ടി നേരത്തെ ബഹ്‌റൈനില്‍ പോകുമായിരുന്നു. ഇടക്കാലത്ത് ഈ സൗകര്യം നിലച്ചിരുന്നു. പ്രവാസി കുടുംബങ്ങളെ ഇത് ഏറെ പ്രയാസത്തിലാക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമായി തുടങ്ങി.