അറബ് ഉച്ചകോടി ; ഉടനീളം മുഴങ്ങി കേട്ടത് പലസ്തീന് എതിരായ ക്രൂരതകളിലെ ആശങ്ക
22 നേതാക്കൾ ഒന്നിച്ച 33ആം അറബ് ഉച്ചകോടി സമാപിക്കുന്നത് പലസ്തീന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ്. ഇസ്രായേൽ ക്രൂരതയെ ശക്തമായി അപലപിക്കാനും മനാമ പ്രഖ്യാപനത്തിലൂടെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്നു. പലസ്തീൻ ജനതക്ക് പൂർണസ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശമുണ്ടെന്നും അതിനെതിരായി നടത്തുന്ന ഇസ്രായേലിന്റെ കൊടും ക്രൂരതകൾ തുല്യതയില്ലാത്തതാണെന്നും ഉച്ചകോടി പ്രഖ്യാപനത്തിൽ പറഞ്ഞു.
രണ്ടര ദശലക്ഷത്തോളം മനുഷ്യരെ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത സാഹചര്യമാണ് ഫലസ്തീനിലുള്ളത്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ട സമയമാണിതെന്നും പ്രഖ്യാപനം ഓർമിപ്പിച്ചു.
പ്രയാസമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുകയും പ്രയാസമനുഭവിക്കുന്ന പലസ്തീനികൾക്ക്, യു.എൻ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നാവശ്യപ്പെടുകയും ചെയ്തു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഉച്ചകോടി അനുശോചനമർപ്പിക്കുകയും പുതിയ അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേരുകയും ചെയ്തു.