മനാമ : ബഹ്‌റൈനില്‍ തൊഴിൽ താമസ നിയം ലംഘനങ്ങൾക്കെതിരെയുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. പരിശോധനയില്‍ നിരവധി തൊഴിൽ,താമസ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഇതിന്റെ ഭാഗമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നാഷണാലിറ്റി, പാസ്‌പോര്‍ട്‌സ്, റെസിഡന്‍സ് അഫയേഴ്‌സുമായി സഹകരിച്ച് മുഹറഖ്, തലസ്ഥാന, തെക്കന്‍ ഗവര്‍ണറേറ്റുകള്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടന്നു വരികയാണ്. ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍, പൊലീസ് ഡയറക്ടറേറ്റുകള്‍ എന്നീ വിഭാഗങ്ങളും പരിശോധനയില്‍ സഹകരിച്ചു.
തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു . രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.