മനാമ: ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിന് 50ൽ അധികം വിദേശികൾ അറസ്റ്റിലായി.താമസ നിയമം ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് വിദേശികൾ അറസ്റ്റിലായത്.വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരായ 54 പേരെ അറസ്റ്റ് ചെയ്‍തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ പറഞ്ഞു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടായിരുന്നു.
ബഹ്‌റൈനില്‍ മദ്യം നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത മൂന്ന് പ്രവാസികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. മനാമയിലാണ് സംഭവം. ഏഷ്യക്കാരാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം നിര്‍മ്മിച്ച രീതികളും ഇവര്‍ കാണിച്ചുകൊടുത്തു. പിടിയിലായ പ്രവാസികളെ തടവിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് ക്രിമിനല്‍ വിചാരണക്കായി കൈമാറും.