പുതുവർഷ സമ്മാനമായി എമിറേറ്റ്സിന്റെ A350 എയർബസ് സർവിസ് ബഹ്റൈനിലേക്ക്. ജനുവരി എട്ടുമുതലാണ് സർവിസ് ആരംഭിക്കുക. ബഹ്റൈനിലേക്കും കുവൈത്തിലേക്കും A350 എയർബസ് സർവിസുണ്ടാകും. ബഹ്റൈനിലേക്കുള്ള എയർലൈനിന്റെ മൂന്ന് പ്രതിദിന ഫ്ലൈറ്റുകളിൽ രണ്ടെണ്ണം A350 ആയിരിക്കും. EK837/838, EK839/840 എന്നിവയാണവ. EK837 രാവിലെ 8.20ന് ദുബൈയിൽനിന്ന് പുറപ്പെട്ട് 8:40ന് ബഹ്റൈനിൽ എത്തും. EK838 ബഹ്റൈനിൽ നിന്ന് രാവിലെ 10ന് പുറപ്പെട്ട് 12.15ന് ദുബൈയിൽ എത്തിച്ചേരും.
EK839 വൈകുന്നേരം നാലിന് ദുബൈയിൽനിന്ന് പുറപ്പെട്ട് 04.20ന് ബഹ്റൈനിൽ എത്തിച്ചേരും. EK840 വൈകുന്നേരം 05.45ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തും. എയർബസ് A350 തേഡ് ക്ലാസിൽ 312 സീറ്റുകളുണ്ട്. ഇതിൽ 32 ബിസിനസ് ക്ലാസ് സീറ്റുകൾ ഉൾപ്പെടുന്നു: 1-2-1 ലേഔട്ടിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. 21 പ്രീമിയം ഇക്കണോമി സീറ്റുകൾ 2-3-2 എന്ന നിലയിൽ ക്രമീകരിച്ചിരിക്കുന്നു. 259 ഇക്കണോമി ക്ലാസ് സീറ്റുകൾ 3-3-3 എന്ന രീതിയിൽ. യാത്രക്കാർക്ക് നൂതനമായ ഇൻഫ്ലൈറ്റ് സാങ്കേതികവിദ്യ, വേഗമേറിയ വൈഫൈ, സിനിമാറ്റിക് എന്റർടെയ്ൻമെന്റ് അനുഭവം, വിപുലമായ മീഡിയ ലൈബ്രറി എന്നിവ വാഗ്ദാനം ചെയ്യുന്നു. ബഹ്റൈനിലേക്ക് എമിറേറ്റ്സ് പ്രതിവാരം 22 ഫ്ലൈറ്റ് സർവിസുകൾ നടത്തുന്നുണ്ട്. എയർബസ് എ350 വിമാനത്തിന് പുറമെ ബോയിങ് 777 വിമാനമാണ് സർവിസ് നടത്തുന്നത്.