ഈദുൽഫിത്ർ ജീവനക്കാർക്കുള്ള ശമ്പളം നൽകേണ്ട തിയതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഈദുൽഫിത്ർ പ്രമാണിച്ച് നേരത്തെ നൽകാൻ ഉത്തരവ്. ഏപ്രിൽ 17ന് ഈ മാസത്തെ ശമ്പളം വിതരണം ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് രണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അറിയിച്ചത്. സർക്കാർ വകുപ്പുകൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകി.
ചെറിയ പെരുന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ദുബായ് ഭരണാധികാരി തീരുമാനിച്ചത്. നീണ്ട അവധിക്കാലം ആഘോഷിക്കാൻ വേണ്ടി പലരും യാത്രക്കായി തയ്യാറെടുക്കുന്നുണ്ട്. അപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനവുമായി ഭരണാധികാരി എത്തിയിരിക്കുന്നത്.
മാർച്ച് 23നാണ് റമദാൻ വ്രതാനുഷ്ഠാനം തുടങ്ങിത്. 29 നോമ്പുകൾ പൂർത്തിയായ ദിവസം മാസം കാണുകയാണെങ്കിൽ പിറ്റേ ദിവസം പെരുന്നാൾ ആയിരിക്കും. അല്ലെങ്കിൽ 30 നോമ്പുകൾ പൂർത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം ചെറിയ പെരുന്നാൾ ആഘോഷിക്കാൻ സാധിക്കും. കണക്കുകൂട്ടലുകൾ പ്രകാരം റമദാനിൽ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിൽ ചില ചർച്ചകൾ നടക്കുന്നുണ്ട്. എന്ത് തന്നെ ആയാലും പൗരൻമാർക്ക് യാത്ര പോകാൻ വേണ്ടി ശമ്പളം നേരത്തെ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.