യുഎഇയിലെ 3 കേന്ദ്രങ്ങളിലും നീറ്റ് പരീക്ഷ സുഗമമായി നടന്നു. ഫിസിക്‌സ്, ബയോളജി പേപ്പറുകൾ താരതമ്യേന എളുപ്പമായിരുന്നെങ്കിലും കെമിസ്ട്രി കടുകട്ടിയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. നീളമേറിയ ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാൻ പാടുപെട്ടു. അതേസമയം, മാസങ്ങൾക്കു മുൻപേ തയാറെടുപ്പ് തുടങ്ങിയതിനാൽ എൻട്രൻസ് നന്നായി എഴുതാനായെന്ന് മറ്റു ചില വിദ്യാർഥികൾ പറഞ്ഞു.
യുഎഇയിലെ 3 കേന്ദ്രങ്ങളിലായി (അബുദാബി ഇന്ത്യൻ സ്‌കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്‌കൂൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ) 2,209 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. മൊത്തം 2,263 റജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും 54 വിദ്യാർഥികൾ പരീക്ഷയ്ക്ക് എത്തിയില്ല. ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷ നടത്തിയത്.
സീൽ ചെയ്ത ഉത്തരക്കടലാസുകൾ ദുബായ്, ഷാർജ കേന്ദ്രങ്ങൾ ഇന്ത്യൻ കോൺസുലേറ്റിലും അബുദാബി കേന്ദ്രം ഇന്ത്യൻ എംബസിയിലും സമർപ്പിച്ചു. ഇവിടെനിന്ന് ഡിപ്ലോമാറ്റിക് ബാഗിലാക്കി ഇന്ത്യയിൽ എത്തിക്കും.