ദുബൈയിലെ റോഡുകളിൽ സ്ഥാപിച്ച റഡാറുകൾ വാഹനത്തിൻ്റെ അമിതവേഗം മാത്രമല്ല, മറിച്ച് മറ്റു ട്രാഫിക്നിയമലംഘനങ്ങളും പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദുബൈയിലെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയുള്ള റഡാറുകളാണ്. അമിതവേഗം മാത്രമല്ല അവയുടെ നിരീക്ഷണ വലയത്തിലുള്ളത്. ഡ്രൈവിങിനിടെ ഫോൺ ഉപയോഗിച്ച് സംസാരുക്കുന്നതും മൊബൈൽ ഫോണുകൾ കൈയിൽ പിടിച്ച് ഉപയോഗിക്കുന്നതുമെല്ലാം കാമറക്കണ്ണുകൾ പിടിച്ചെടുക്കും.
കുറ്റവാളികളെ കണ്ടെത്താനും പിഴ ചുമത്താനും ദുബൈയിൽ ഒരു ഉദ്യോഗസ്ഥൻ്റേയുംഫിസിക്കൽ സേവനം ആവശ്യമില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റഡാറിന്റെ കണ്ണുകൾ ഡ്രൈവർമാർ ഫോണിൽ സംസാരിക്കുന്നതും ടെക്‌സ്‌റ്റ് ചെയ്യുന്നതും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുന്നത് പോലും കണ്ടെത്തി ഫൈൻ ചുമത്തും. ഇതിനു പുറമേ, നിയമവിരുദ്ധമായ ലെയ്ൻ മാറ്റങ്ങൾ, മറ്റ് ഗതാഗത ലംഘനങ്ങൾ എന്നിവയും സ്മാർട്ട് റഡാറുകളുടെ നിരീക്ഷണത്തിന് വെളിയിലല്ലെന്ന് ചുരുക്കം.
വാഹനമോടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയിനത്തിൽ ലഭികുക. കഴിഞ്ഞ എട്ട് മാസത്തിനിടെ, ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം മൂലമുണ്ടായ 99 അപകടങ്ങളിൽ ആറ് പേരാണ് ദുബൈയിൽ മാത്രം മരിച്ചത്. ആകെ 35,527 നിയമലംഘനങ്ങളും ഈ വിഭാഗത്തിൽ മാത്രം രേഖപ്പെടുത്തുകയും ചെയ്തു.