ദേരയിൽ ആർടിഎയുടെ പുതിയ പാർക്കിംഗ് സമുച്ചയം വരുന്നു ; 350 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും
ദുബൈ നഗരത്തിൽ പണമടച്ചുള്ള പാര്‍ക്കിങ്ങിനായി ഏഴു നിലകളുള്ള പുതിയ പാര്‍ക്കിങ് കെട്ടിടം നിർമിക്കും. ദേരയിലെ അല്‍ സബ്ക പ്രദേശത്താണ് 350 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുകയെന്ന് എമിറേറ്റിലെ പാർക്കിങ് നിയന്ത്രണ ഏജൻസിയായ പാര്ക്കിന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ പാര്ക്കിന് കമ്പനിയും ദുബൈ ഔഖാഫും ഒപ്പുവെച്ചു.
ഏകദേശം 1,75,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുക. ഇതില്‍ 9600 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന താഴത്തെ നില റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കായി നല്‍കും. ഇതുവഴി അധികവരുമാനം നേടുകയാണ് ലക്ഷ്യം.
പുതിയ സംരംഭം വഴി 25 വര്‍ഷം കൊണ്ട് ഔഖാഫ് ദുബൈ സാമ്പത്തിക മേഖലക്ക് 20 കോടി ദിര്‍ഹം സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രകാരം പദ്ധതി വികസിപ്പിക്കാന്‍ ഔഖാഫ് സാമ്പത്തികസഹായം നല്‍കും. തടസ്സരഹിത പാര്‍ക്കിങ് ഉറപ്പാക്കാനും പാര്‍ക്കിങ് പരിപാലനം ഉൾപ്പെടെ പുതിയ സൗകര്യം കൈകാര്യം ചെയ്യുന്നതിന് പാര്ക്കിന് നേതൃത്വം നല്‍കും. പാര്‍ക്കിങ് സമുച്ചയത്തിൻ്റെ രൂപരേഖക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ നിര്‍മാണം തുടങ്ങും. രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് പാര്ക്കിന് ലക്ഷ്യമിടുന്നത്.