അബൂദബി നാഷനല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. സഅദിയാത്ത് സാംസ്കാരിക ജില്ലയില്‍ 35,000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയത്തിന്റെ പണികള്‍ അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.
ഗ്രഹത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള അറിവുകള്‍ ആഴത്തിലാക്കുന്ന അനുഭവങ്ങളാവും മ്യൂസിയത്തിലൂടെ സന്ദര്‍ശകര്‍ക്ക് ലഭിക്കുക. 6.6 കോടി വര്‍ഷം മുമ്പ് ദിനോസറുകളുടെ വംശനാശം അടയാളപ്പെടുത്തിയ ക്രിറ്റാഷ്യസ് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സസ്യബുക്ക് ദിനോസറായ ഹാഡ്രോസോറിന്റെ വെളുത്ത താടി മ്യൂസിയത്തിലെ പാലെയോ ലാബില്‍ പ്രദര്‍ശിപ്പിക്കും.
6.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ടിറനോസോറസ് റെക്സിന്റെ ഫോസിലും 15 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലും മ്യൂസിയത്തില്‍ കാണാനാവും.
70 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന നാല് കൊമ്പുകളോടുകൂടിയ അറേബ്യന്‍ ആനയുടെ ഫോസില്‍, സമുദ്ര ജീവികളുടെ മാതൃകകള്‍ മുതലായവയും മ്യൂസിയത്തില്‍ ഒരുക്കും. ഭൂമിയിലെ ജീവന്റെ തുടക്കത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ഏഴ് ശതകോടി വര്‍ഷത്തിലേറെ പഴക്കമുള്ള ധാന്യങ്ങള്‍ അടങ്ങിയ മുര്‍ച്ചിസണ്‍ ഉല്‍ക്കാശില അടക്കമുള്ളവയെക്കുറിച്ചും 13.8 ശതകോടി വര്‍ഷം പഴക്കമുള്ള വസ്തുക്കളെക്കുറിച്ചും മ്യൂസിയത്തില്‍ പ്രദര്‍ശനങ്ങളുണ്ടാകും. കുട്ടികളെയടക്കം ആവേശഭരിതരാക്കുന്ന കാഴ്ചകളും പ്രദര്‍ശനങ്ങളുമാണ് മ്യൂസിയത്തിലുണ്ടാവുകയെന്ന് അസിസ്റ്റന്റ് ക്യുറേറ്റര്‍ നൂറ അബ്ദുല്ല അല്‍ബലൂഷി പറഞ്ഞു.