മെട്രോ യാത്രക്കായി തിരക്കിട്ട് ഓടേണ്ട , പിഴ ചുമത്തും ; യാത്രക്കാർക്ക് കർശന നിർദേശങ്ങളുമായി ദുബൈ ആർടിഎ
സമയലാഭത്തിനും ട്രെയിൻ നഷ്ടപ്പെടാതിരിക്കാനും തിരക്കിട്ട് ദുബൈ മെട്രോയിലേക്ക് ഓടിക്കയറുന്നവരെ നിയന്ത്രിക്കാൻ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). തിരക്കിട്ട് അനുവദനീയമല്ലാത്ത കാബിനിൽ ഓടി ക്കയറുകയും യാത്ര തുടരുകയും ചെയ്യുന്നവർക്ക് 100 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. എല്ലാവർക്കും സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി നിരവധി കർശന നിയമങ്ങളാണ് ആർ.ടി.എ നടപ്പിലാക്കുന്നത്.
അതിനാൽ, പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനുമുമ്പായി നിയമങ്ങൾ മനസ്സിലാക്കി യാത്ര തുടരണമെന്നാണ് നിർദേശം. വാതിലുകൾ അടയാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ മെട്രോയിലേക്ക് ഓടിക്കയറുന്നതാണ് ഏറ്റവും വലിയ നിയമ ലംഘനങ്ങളിലൊന്നായി കണക്കാക്കുന്നത്. ഈ പ്രവൃത്തി വലിയ അപകടങ്ങൾക്ക് കാരണമായേക്കും. യാത്രക്കിടയിൽ സ്വന്തം കുട്ടികളെ എപ്പോഴും കൂടെ ചേർത്തുപിടിക്കാതിരിക്കുന്നതും വലിയ നിയമ ലംഘനമായി കണക്കാക്കപ്പെടും. അമിത തിരക്കുണ്ടെങ്കിലും വാതിലുകളിൽ നിന്ന് അകന്നുനിൽക്കണം. മറ്റ് യാത്രക്കാരെക്കൂടി പരിഗണിച്ച് തിരക്ക് കൂട്ടാതെ യാത്ര തുടരണം.
മെട്രോയിൽ കയറാനായുള്ള വരി തെറ്റിക്കരുതെന്നും നിർദേശമുണ്ട്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കുറഞ്ഞത് 100 ദിർഹം പിഴയാണ് മെട്രോയിൽ ചുമത്തുക. മറ്റ് യാത്രക്കാർക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്നവർക്കും പിഴ ചുമത്തും. ഗർഭിണികൾ, മുതിർന്നവർ തുടങ്ങി പ്രത്യേക വിഭാഗക്കാർക്കായി ഒരുക്കിയ ഇരിപ്പിടങ്ങൾ സാധാരണക്കാർ ഉപയോഗിക്കുന്നതും പിഴ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
കൂടാതെ ദുബൈ മെട്രോയിൽ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതും കാഴ്ചയില്ലാത്തവർക്ക് വഴികാട്ടികളായി കൂടെയുണ്ടാവുന്ന നായ്ക്കൾ അല്ലാത്ത വളർത്തുമൃഗങ്ങളെ മെട്രോയിൽ കയറ്റുന്നതും നിയമവിരുദ്ധമാണ്.