സ്കൂളുകളിൽ നിലവാര പരിശോധന; മികവിനായി മാനേജ്മെന്റ്

Update: 2023-01-19 11:00 GMT

സ്കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന പുനരാരംഭിച്ചു. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് പരിശോധന നടന്നുവരുന്നത്. കോവിഡ് കാലത്ത് പരിശോധന നിർത്തിവച്ചിരുന്നു.

ഷാർജയുടെ റിപ്പോർട്ട് മാർച്ചിൽ പുറത്തുവിടുമെന്നാണ് സൂചന. മറ്റു എമിറേറ്റുകൾ തീയതി വ്യക്തമാക്കിയിട്ടില്ല. സ്കൂളിന്റെ മികവും കോട്ടവും പ്രവർത്തനങ്ങളും വിലയിരുത്തി ഔട്ട്സ്റ്റാൻഡിങ്, വെരി ഗുഡ്, ഗുഡ്, ആക്സപ്റ്റബിൾ, അൺ ആക്സപ്റ്റബിൾ എന്നിങ്ങനെയാണ് തരംതിരിക്കുന്നത്. നിലവാരത്തിനു ആനുപാതിക ഫീസ് വർധനയ്ക്കും അനുമതി നൽകും. മലയാളികളുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്രൂപ്പിന്റെ സ്കൂളുകളും മുൻകാലങ്ങളിൽ വിശിഷ്ട പട്ടികയിൽ ഇടംപിടിച്ചിരുന്നു.

റിപ്പോർട്ടിൽ സ്വീകാര്യമല്ലാത്ത വിഭാഗത്തിലും മലയാളി സ്കൂളുകളുണ്ടായിരുന്നു. ദുബായിൽ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയും (കെഎച്ച്ഡിഎ) അബുദാബിയിൽ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ഷാർജയിൽ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്.

പരിശോധനയ്ക്കു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിനു സമർപ്പിക്കേണ്ട റിപ്പോർട്ടുകളും മറ്റും തയാറാക്കാൻ മാനേജ്മെന്റ് ഏൽപിക്കുന്നത് അധ്യാപകരെ. അതിനാൽ തന്നെ ഇരട്ടി ജോലി ഭാരത്താൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന് പരാതിയുണ്ട്.

Similar News