ഗാസയിൽനിന്ന് പരിക്കേറ്റവരും അർബുദ ബാധിതരുമായ ചികിത്സ ആവശ്യമുള്ളവരുടെ 16മത് സംഘം അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച 1,000 പരിക്കേറ്റവർക്കും 1,000 അർബുദ രോഗികൾക്കും ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയാണ് 25 അടിയന്തര ചികിത്സ ആവശ്യമുള്ളവരും 51 കുടുംബാംഗങ്ങളും അടക്കമുള്ളവരെ കൊണ്ടുവന്നത്.
അബൂദബിയിലെത്തിയ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി. ഗാസയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിത്സ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നത്.
ഗാസയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത്.
യു.എ.ഇ എയർഫോഴ്സും ഈജിപ്ഷ്യൻ എയർഫോഴ്സ് വിമാനങ്ങളും സംയുക്തമായി ആകാശമാർഗവും സഹായം എത്തിക്കുന്നുണ്ട്. ദൈനംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.