ദുബായിൽ 374 ദശലക്ഷം ദിർഹം മൂല്യമുള്ള റോഡ് വികസനപദ്ധതി നടപ്പിലാക്കാൻ തീരുമാനം; ഷാർജയിലേക്കുള്ള യാത്രാസമയം കുറയും
ദുബായിലെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 374 ദശലക്ഷം ദിർഹം മൂല്യമുള്ള ഒരു റോഡ് വികസനപദ്ധതിയുടെ കരാറിന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി. ഗാൻ അൽ സബ്ക സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇമ്പ്രൂവ്‌മെന്റ് പ്രോജക്റ്റ് എന്ന ഈ പദ്ധതി എമിറേറ്റിലെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.
ഈ പദ്ധതിയുടെ ഭാഗമായി മണിക്കൂറിൽ 17600 വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കുന്ന രീതിയിൽ ഏതാണ്ട് 3000 മീറ്റർ നീളമുള്ള നാല് പാലങ്ങൾ പണിതീർക്കുന്നതാണ്. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഗാൻ അൽ സബ്ക സ്ട്രീറ്റ് കോറിഡോറിന്റെ വികസനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് RTA ഡയറക്ടർ ജനറൽ H.E. മത്തർ അൽ തയർ വ്യക്തമാക്കി.
ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവയ്ക്കിടയിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ ഖുസൈസ്, ഷാർജ എന്നിവയുടെ ദിശയിൽ ഗാൻ അൽ സബ്ക സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് സഞ്ചരിക്കുന്നതിനുള്ള സമയം നാല്പത് ശതമാനം കുറയ്ക്കുന്നതിന് ഈ പദ്ധതി കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.