അബൂദബി കള്‍ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള വേട്ടക്കാലം (ട്രഡീഷനല്‍ ഹണ്ടിങ് സീസണ്) ഫെബ്രുവരി 15 വരെ നടക്കും. അല്മര്സൂം ഹണ്ടിങ് റിസര്‍വിലാണ് ഹണ്ടിങ് സീസണ് നടക്കുന്നത്. സുസ്ഥിര വേട്ടയാടലിനെ പ്രോത്സാഹിപ്പിക്കുക, ഫാല്‍ക്കണ്‍, സലൂക്കി നായ്ക്കള്‍ എന്നിവയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ എന്നിവയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
923 ചതുരശ്ര കിലോമീറ്ററാണ് അല്‍ മര്‍സൂം ഹണ്ടിങ് റിസര്‍വിന്റെ വിസ്തൃതി. പരമ്പരാഗത രീതിയിലുള്ള വേട്ടയാടലിനും പരമ്പരാഗത യാത്രാമാർഗങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രകൃതി ഭംഗി നുകര്‍ന്നുകൊണ്ടുള്ള രാത്രികാല ക്യാമ്പുകള്‍ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വേട്ടയാടലിനെത്തുന്നവര് താം ആപ്പിലൂടെ ഫാല്കണ്റി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിരിക്കണം. പരിചയസമ്പത്തുള്ള വേട്ടക്കാര്‍ സന്ദര്‍ശകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
ഫാല്‍ക്കണുകളെയും സലൂക്കി നായ്ക്കളെയും മാത്രമാണ് വേട്ടക്ക് ഉപയോഗിക്കാനാവുക. തോക്ക് കൊണ്ടുവരാന്‍ അനുവാദമില്ല. റോയല്‍ ക്യാമ്പ്, എലൈറ്റ് ക്യാമ്പ് അല്ലെങ്കില്‍ വ്യക്തിഗത ക്യാമ്പ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്യാമ്പുകളാണ് പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. മുയല്, പക്ഷികള്‍, മാന്‍, ഹൂബര പക്ഷി, കൃഷ്ണമൃഗം തുടങ്ങിയ തദ്ദേശീയ വന്യജീവികളാണ് അല്‍ മര്‍സൂം റിസര്‍വിലുള്ളത്. 2015ല്‍ തുറന്ന റിസര്‍വില്‍ ഇതിനകം പതിനായിരത്തിലേറെ പേരാണ് വേട്ടക്കും മറ്റുമായി എത്തിയിട്ടുള്ളത്.