ദുബായിൽ ഡ്രിഫ്‌റ്റിംങ്ങും റേസിങ്ങും നടത്തിയ 33 വാഹനങ്ങൾ കണ്ടുകെട്ടി

Update: 2022-10-10 13:00 GMT

 

ദുബായ് : ഡ്രിഫ്‌റ്റിംങ്ങ്, റേസിംങ്ങ് തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ദുബായ് പോലീസ് വിവിധ പ്രദേശങ്ങളിൽ നിന്നായി 33 വാഹനങ്ങൾ കണ്ടുകെട്ടി. തിരക്കേറിയ റോഡുകളായ ജബൽ അലി - ലെഹ്ബാബ് റോഡ്, ജുമൈറ റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ് എന്നിവയുൾപ്പെടെ വിവിധ റോഡുകളിൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെ ഉണ്ടാക്കുന്ന രീതിയിൽ ട്രാഫിക്കിന്റെ എതിർ ദിശയിൽ വാഹനമോടിക്കുന്നത് പോലുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണമാരഭിച്ചതെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

അനധികൃത സ്ഥലങ്ങളിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നതും, ഡ്രിഫ്റ്റിംങ്ങ് പോലെയുള്ള പ്രവർത്തികൾ വാഹനങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പെടുന്നതിനും ഗുരുതരമായ പരിക്കുകൾക്കും മരണങ്ങൾക്കും ഇടയാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഡ്രിഫ്റ്റിംങ്ങ് പ്രേമികൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സ്ഥലങ്ങളിലല്ലാതെ അമിതവേഗതയോടു വാഹനമോടിക്കുകയോ, നിയമവിരുദ്ധമായ തെരുവ് റേസിംങ്ങ് നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ''വി ആർ ഓൾ പോലീസ്' ''എന്ന ആപ്പ് വഴിയോ , 901ൽ വിളിച്ചോ പോലീസിനെ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Similar News