ജബൽ അലിയിലെ ഹൈന്ദവ ക്ഷേത്രത്തിൽ 16 പ്രതിഷ്ഠകൾ ; പ്രധാന പ്രതിഷ്ട ശിവൻ

Update: 2022-10-08 11:11 GMT

താമരപ്പൂവ് എന്ന ആശയത്തെ അടിസ്ഥാനമാക്കി ഭാരതത്തിന്റെ വാസ്തുവിദ്യയോടൊപ്പം അറേബ്യൻ വസ്തുവിദ്യയും ഇടകലർന്ന മാതൃകയിലാണ് ജബൽ അലിയിലെ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് ദൈവ വിശ്വാസം ആത്മവിശ്വാസത്തോടും ആത്മസംപ്ത്രിപ്തിയോടും സമന്വയിച്ച് കിടക്കുന്ന പ്രതിഭാസമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളെ അനുസ്‍മരിപ്പിച്ച് പതിനാറ് പ്രതിഷ്ഠകളോട് കൂടി ഒരുങ്ങിയ അമ്പലം യു എ ഇ യുടെയും ഭാരതത്തിന്റെയും ഇഴചേർന്ന സഹോദര്യത്തെ കൂടി ഒന്ന് കൂടി ഊട്ടിയുറപ്പിക്കുകയാണ് .

ഭാരതത്തിന്റെ വിവിധ തീർത്ഥാടനകേന്ദ്രങ്ങളെ ഒരുമിച്ചൊരു കുടക്കീഴിലിവിടെ കാണാം. കൃഷ്ണശിലയിൽ തീര്‍ത്ത ഗുരുവായൂരപ്പനെയും അയ്യപ്പനെയും വിശ്വാസികൾക്ക് ഇവിടെ ദര്‍ശിക്കാം. കസവുമുണ്ടുടുത്ത് കേരള തനിമയോടെയാണ് അയ്യപ്പനെയും ഗുരുവായൂരപ്പനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. സര്‍വാഭരണ വിഭൂഷിതനായ തിരുപ്പതി വെങ്കിടേശ്വരനും പത്നിമാരായ വള്ളിക്കും ദേവയാനിക്കുമൊപ്പം നിൽക്കുന്ന മുരുകനും ക്ഷേത്രത്തിലുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ.

സിഖ് മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുക എന്ന ആശയമാണ് ക്ഷേത്രം മുന്നോട്ട് വയ്ക്കുന്നത് എന്ന് ട്രസ്റ്റീ രാജു ഷ്റോഫ് പറഞ്ഞു. ജബലലിയിലെ ആരാധനാഗ്രാമത്തിൽ സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രൗഡമായ ചടങ്ങിൽ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. യുഎഇയിലെ വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ക്ഷേത്രം തുറന്ന് നൽകിയത്. ബർദുബായി ക്ഷേത്രത്തിന്റെ മേൽനോട്ട ചുമതലയുള്ള സിന്ധി ഗുരു ദർബർ ക്ഷേത്രസമിതിക്കാണ് പുതിയ ക്ഷേത്രത്തിന്റെയും ചുമതല.

Similar News