മീശ മാധവനിൽ അരഞ്ഞാണം മോഷ്ടിക്കുന്ന രം​ഗം ഞാൻ മോഷ്ടിച്ചതാണ്; ലാല്‍ ജോസ് പറയുന്നു

Update: 2024-12-07 11:18 GMT

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ ഒരു കള്ളന്റെ ജീവിതമാണ് പറഞ്ഞത്. ഇന്നും മീശ മാധവന്‍ അതേ ആവേശത്തോടെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് സിനിമയുടെ പ്രത്യേകത. മീശ മാധവനിലെ ഓരോ സീനുകളും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. അതില്‍ ശ്രദ്ധേയം മാധവനായി അഭിനയിച്ച ദിലീപ്, കാവ്യയുടെ കഥാപാത്രമായ രുക്മണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതാണ്. വളരെ ആകര്‍ഷണീയമായി ചെയ്ത ആ സീന്‍ താന്‍ മോഷ്ടിച്ചതാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മീശ മാധവന് ഉള്ളില്‍ നടന്ന മോഷണ കഥ പറഞ്ഞത്.

ലാല്‍ ജോസിന്റെ വാക്കുകളിങ്ങനെയാണ്... 'ഒരു ആല്‍ബം ചെയ്യുന്ന സമയത്താണ് ഞാനും ബി ആര്‍ പ്രസാദും തമ്മില്‍ വളരെ അടുക്കുന്നത്. അദ്ദേഹം ആ സമയത്ത് ചന്ദ്രോത്സവത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുകയാണ്. അത് സിനിമയാക്കാനൊക്കെ ശ്രമിച്ചിരുന്നെങ്കിലും എന്തോ പ്രശ്‌നത്താല്‍ നടന്നില്ല. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. ആ സമയത്ത് ഞാന്‍ രണ്ടാം ഭാവം കഴിഞ്ഞ് മീശ മാധവന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകളില്‍ ആയിരുന്നു. മീശ മാധവനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഞാനും ബിആര്‍ പ്രസാദും നടത്താറുണ്ടായിരുന്നു. അതുപോലെ ചന്ദ്രോത്സവത്തിനെ കുറിച്ച് അദ്ദേഹവും പറയും. ആ ചിത്രത്തില്‍ ഒരു കള്ളന്‍ കൊട്ടാരത്തില്‍ മോഷ്ടിക്കാന്‍ കയറുന്ന സീന്‍ ഉണ്ട്. മാത്രമല്ല ആ സീനില്‍ ഉറങ്ങിക്കിടക്കുന്ന രാജകുമാരിയുടെ അരഞ്ഞാണം കള്ളന്‍ മോഷ്ടിക്കുകയാണ്. ആ സീന്‍ ഭയങ്കര രസമുള്ളതായി എനിക്ക് തോന്നി. ഞാന്‍ ഈ കാര്യം ബി ആര്‍ പ്രസാദിനോട് പറഞ്ഞു. നിങ്ങള്‍ എന്തായാലും സിനിമയാക്കുന്നില്ല. ഞാനൊരു കള്ളന്റെ സിനിമ ചെയ്യാനും ഒരുങ്ങുകയാണ്. ഇതിലുള്ളത് പോലെയല്ല എങ്കിലും ആ സീന്‍ നാടന്‍ വേഷത്തില്‍ മീശമാധവനില്‍ ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. പുള്ളി സമ്മതിച്ചു ധൈര്യമായി എന്നോട് അത് ചെയ്‌തോളാനും എന്റെ സിനിമ ഉണ്ടാവില്ലെന്നുമാണ് പ്രസാദ് പറഞ്ഞത്.

മാത്രമല്ല ആ സിനിമയിലെ ചില രംഗങ്ങളെ പറ്റി പ്രസാദ് പറഞ്ഞത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. നടന്‍ കമല്‍ ഹാസനും ചന്ദ്രോത്സവത്തിന്റെ കഥയെപ്പറ്റി അറിയാമായിരുന്നു. പ്രസാദ് അന്ന് പറഞ്ഞ കഥയിലെ ചില സീനുകള്‍ കമല്‍ ഹാസന്റെ സിനിമയിലും ഉണ്ടായിരുന്നു.

അങ്ങനെ മീശമാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്നതിന്റെ ഐഡിയ എനിക്ക് കിട്ടുന്നത് ബി ആര്‍ പ്രസാദിന്റെ ചന്ദ്രോത്സവത്തിന്റെ കഥയിലൂടെയാണ്. അത്രയും സരസമായി സംസാരിക്കുന്ന ഒരു സുഹൃത്തിനെ എന്റെ ജീവിതത്തില്‍ ഞാന്‍ വേറെ പരിചയപ്പെട്ടിട്ടില്ല. പുരാണ ഗ്രന്ഥങ്ങള്‍ ഒക്കെ മനപാഠമാക്കിയ ആളാണ് അദ്ദേഹം, സരസമായി സംസാരിക്കുകയും ചെയ്യും.

നമുക്ക് ഒരുമിച്ച് സിനിമയും പാട്ടുകളും ഒക്കെ ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഏഷ്യാനെറ്റിലെ ഒരു പരസ്യ ആല്‍ബം ചെയ്തിരുന്നു. സുരേഷ് ഗോപി, സംയുക്ത വര്‍മ്മ, ലാല്‍, കാവ്യ മാധവന്‍, ജോമോളും തുടങ്ങി വലിയ താരങ്ങളാണ് അതില്‍ അഭിനയിച്ചത്.

Tags:    

Similar News