നമ്മൾ പറയുന്നതെല്ലാം നമ്മുടെ ഫോൺ കേൾക്കും, വിവരം പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാർക്കറ്റിങ് സ്ഥാപനം

Update: 2024-09-05 07:46 GMT

നമ്മൾ പറയുന്നതെല്ലാം നമ്മുടെ സ്മാര്‍ട്‌ഫോൺ കേൾക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തില്‍ വന്നിട്ടുള്ള ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇത് ഫോണ്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുന്നത് കൊണ്ടാണെന്ന് പറയാറുണ്ട്. ഇപ്പോഴിതാ ആ സംശയം ശരിവെക്കുകയാണ് പുതിയ റിപ്പോര്‍ട്ട്.

സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാര്‍ക്കറ്റിങ് സ്ഥാപനം. ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഇവരുടെ ഇടപാടുകാരാണ്. 404 മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉപഭോക്താക്കളുടെ സംസാരത്തില്‍ നിന്ന് അവരുടെ ആഗ്രഹങ്ങള്‍ തിരിച്ചറിയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് നിക്ഷേപകരോട് വ്യക്തമാക്കിയത്.

പരസ്യദാതാക്കള്‍ക്ക് ഈ ശബ്ദ വിവരങ്ങള്‍ (വോയ്‌സ് ഡാറ്റ) ആളുകളുടെ പെരുമാറ്റ വിവരങ്ങളുമായി (ബിഹേവിയറല്‍ ഡാറ്റ) ചേര്‍ത്ത് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിതരണങ്ങള്‍ക്കായി ഉപയോഗിക്കാനാവും. ഏറ്റവും വലിയ പരസ്യ വിതരണക്കാരായ ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ വിവരങ്ങളുടെ ഉപഭോക്താക്കളാണ്. റിപ്പോര്‍ട്ടിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തു. എല്ലാ പരസ്യ ദാതാക്കളും ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ഒപ്പം ഗൂഗിളിന്റെ പരസ്യ നയങ്ങളും പാലിക്കണമെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു. ഇവ ലംഘിക്കുന്ന പരസ്യങ്ങളെയും പരസ്യ ദാതാക്കളെയും തിരിച്ചറിയുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് തങ്ങളെന്ന് ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പറഞ്ഞു.

പരസ്യങ്ങള്‍ക്ക് വേണ്ടി ഫോണിന്റെ മൈക്രോഫോണ്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും വര്‍ഷങ്ങളായി തങ്ങള്‍ ഇത് തുറന്നുപറയുന്നുണ്ടെന്നും മെറ്റ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ ന്യൂ ഹാംഷയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈന്റ്‌സിഫ്റ്റ് എന്ന സ്ഥാപനവും തങ്ങള്‍ ആളുകളുടെ വോയ്‌സ് ഡാറ്റ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞിരുന്നുവെന്ന് 404 മീഡിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണുകള്‍ വഴി ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്നാണ് കോക്‌സ് 2023 നവംബറില്‍ പ്രസിദ്ധീകരിച്ച് പിന്നീട് നീക്കം ചെയ്ത ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നത്. ഫോണുകളും ഉപകരണങ്ങളും നിങ്ങളുടെ ശബ്ദം കേള്‍ക്കുന്നത് നിയമപരമാണ്. പുതിയ ഒരു ആപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോഴും അപ്‌ഡേറ്റ് ചെയ്യുമ്പോഴും വരുന്ന പ്രോംറ്റില്‍ വിവിധ പേജുകളുള്ള കരാര്‍ വ്യവസ്ഥകളുണ്ട്. അതില്‍ ആക്ടീവ് ലിസനിങും ഉള്‍പ്പെടുന്നുണ്ടെന്ന് സിഎംജി പറയുന്നു.

Tags:    

Similar News