ചാമ്പ്യന്‍സ് ലീഗ് കിരീടത്തിൽ 15-ാം തവണ മുത്തമിട്ട് റയൽ; വിജയം എതിരില്ലാത്ത രണ്ട് ഗോളിന്
യുറോപ്പ് വാഴുന്നത് റയൽ തന്നെ. ചാമ്പ്യൻസ് ലീഗിൽ 15ാം തവണയും മുത്തമിട്ട് റയൽ അവരുടെ ആധിപത്യം ഉട്ടിയുറപ്പിച്ചു. ഏകപക്ഷീയമായ രണ്ടുഗോളിനാണ് റയല്‍ മാഡ്രിഡിന്റെ വിജയം. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് പന്ത് വലയിലാക്കിയത്. കിരീട സ്വപ്നം ബാക്കിയാക്കി ഡോര്‍ട്ട്മുണ്‍ഡ് മടങ്ങി.വെംബ്ലി സ്‌റ്റേഡിയത്തില്‍ ആദ്യ മിനിറ്റുകളിൽ ആക്രമണത്തിലാണ് ഡോര്‍ട്ട്മുണ്‍ഡ് ശ്രദ്ധിച്ചതെങ്കിൽ പന്ത് കൈവശം വെച്ച് മുന്നേറാനാണ് റയല്‍ ശ്രമിച്ചത്.
മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്‍ഡിന് മുന്നിലെത്താൻ കഴിഞ്ഞിരുന്നു. ത്രൂബോള്‍ വഴി ലഭിച്ച പന്തുമായി മുന്നേറിയ ഡോര്‍ട്ട്മുണ്‍ഡ് വിങ്ങര്‍ കരിം അഡയമിക്ക് മുന്നില്‍ റയല്‍ ഗോള്‍ കീപ്പര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഷോട്ടുതിര്‍ക്കുന്നതിന് മുമ്പ് തന്നെ റയല്‍ പ്രതിരോധതാരങ്ങള്‍ ഗോള്‍ നിഷേധിച്ചു. പിന്നാലെ 22-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഫുള്‍ക്ബര്‍ഗിനും മികച്ച അവസരം ലഭിച്ചു. എന്നാല്‍ അത് പോസ്റ്റില്‍ തട്ടി മടങ്ങി. റയലിന് ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. രണ്ടാം പകുതിയില്‍ റയൽ മുന്നേറി.
നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു, എന്നാല്‍ പ്രതിരോധത്തിലുറച്ചു നിന്നിരുന്ന ഡോര്‍ട്ട്മുണ്‍ഡിനെ മറിക്കടക്കാനായില്ല. 74-ാം മിനിറ്റില്‍ വെംബ്ലിയില്‍ റയലിന്റെ ആദ്യ ഗോളെത്തി. പിന്നെ വെംബ്ലി സ്റ്റേഡിയം കണ്ടത് റയലിന്റെ തുടർച്ചയായ ആക്രമണങ്ങളായിരുന്നു. അത് പ്രതിരോധിക്കാൻ ഡോര്‍ട്ട്മുണ്‍ഡ് നന്നായി പാടുപെട്ടു. പിന്നാലെ ജയമുറപ്പിച്ചു വിനീഷ്യസ് ജൂനിയര്‍ റയലിന്റെ രണ്ടാം ഗോൾ വലയിലാക്കി. അവസാനനിമിഷം ഡോര്‍ട്ട്മുണ്‍ഡ് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ നിഷേധിച്ചു.