രഞ്ജി ട്രോഫി: ബംഗ്ലാദേശിനെതിരായ തകർപ്പൻ ബാറ്റിംഗിന് ശേഷം സഞ്ജു എത്തി, എന്‍ പി ബേസിലും ടീമിൽ

Update: 2024-10-15 09:20 GMT

സഞ്ജു സാംസൺ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. ബംഗ്ലാദേശ് പര്യടനത്തിന് കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സഞ്ജു സാംസൺ കേരള ടീമിനൊപ്പം ചേര്‍ന്നത്. സഞ്ജുവിനൊപ്പം പേസര്‍ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിന്‍റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും.

ബംഗ്ലാദേശിനെതിരെയുള്ള പാരാട്ടത്തിൽ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ കൂറ്റൻ സെഞ്ചുറിയുമായി സഞ്ജു റെക്കോര്‍ഡിട്ടിരുന്നു. 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ സെഞ്ചുറി നേടിയതോടെ അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും സഞ്ജു ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

രഞ്ജി ട്രോഫിയില്‍ 18 മുതൽ ബാംഗ്ലൂരിലാണ് കേരളത്തിന്‍റെ രണ്ടാം മത്സരം. അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്‍റെ പോരാട്ടം. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കേരളം വിജയത്തുടക്കമിട്ടിരുന്നു. തിരുവനന്തപുരം തുമ്പ സെന്ർറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടന്നു.

Tags:    

Similar News