ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരം, റൊണാള്‍ഡോയ്ക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ട് മെസിയും
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളിവിയയ്ക്ക് എതിരെ ഹാട്രിക് നേടിയതോടെ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡ് ലിയോണല്‍ മെസിയും നേടിയിരിക്കുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ റെക്കോർഡ് നേടിയ മറ്റൊരു താരം. ബൊളിവിയക്ക് എതിരായ മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ വിജയ ഗോളുകള്‍ പിറന്നത്. എതിരില്ലാത്ത ആറ് ഗോളിനാണ് ബൊളിവിയയെ പരാജയപ്പെടുത്തിയത്. ജൂലിയന്‍ അല്‍വാരസും മാര്‍ട്ടിനെസ്, തിയാഗോ അല്‍മേഡ എന്നിവരാണ് അര്‍ജന്റീനക്കായി മറ്റുഗോളുകള്‍ നേടിയത്.
രാജ്യന്തര ഫുട്‌ബോളില്‍ മെസിക്കും റൊണാള്‍ഡോയ്ക്കും പത്ത് വീതം ഹാട്രിക്കുകള്‍ ഉണ്ട്. ദേശീയ ടീമീനായി ഈ നേട്ടം കൈവരിച്ച രണ്ടേ രണ്ടുതാരങ്ങളും ഇവരാണ്. 'വിരമിക്കുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല. ഇതെല്ലാം ഞാന്‍ ആസ്വദിക്കുന്നു. ആളുകളുടെ സ്‌നേഹം അനുഭവിക്കുമ്പോള്‍ ഞാന്‍ എന്നത്തെക്കാളും ആവേശത്തിലാണ്. ഇതാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. എനിക്ക് പ്രായമായെങ്കിലും ഇവിടെയെത്തുമ്പോള്‍ ഞാന്‍ ഒരു കുട്ടിയാകുന്നു. ടീമിനൊപ്പം വളരെ സന്തോഷവാനാണ്' മെസി പറഞ്ഞു.
2012 ഫെബ്രുവരി 29ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിലാണ് മെസി തന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക് നേടിയത്. 2013 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായിയായിരുന്നു റൊണാല്‍ഡോയുടെ ആദ്യ ഹാട്രിക്.