ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക; 2003-ന് ശേഷം ആദ്യമായി ബാലണ്‍ദ്യോറിൽ ഇടം പിടിക്കാതെ മെസ്സിയും റൊണാള്‍ഡോയും

Update: 2024-09-05 07:04 GMT

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ബാലണ്‍ദ്യോര്‍ നാമനിര്‍ദേശ പട്ടിക. 2003-ന് ശേഷം ഇതാദ്യമായാണ് ഇരുവരില്‍ ഒരാള്‍ പോലും ബാലണ്‍ദ്യോറിന്റെ പ്രാഥമിക പട്ടികയില്‍ ഇടംനേടാതിരിക്കുന്നത്. റൊണാള്‍ഡോയും മെസ്സിയും യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടിട്ട് ഒരു വര്‍ഷത്തിലേറെയായി. റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ നസറിനു വേണ്ടിയും മെസ്സി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിക്കുവേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്.

2023-ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം മെസ്സിക്കായിരുന്നു. താരത്തിന്റെ എട്ടാം ബാലണ്‍ദ്യോര്‍ നേട്ടമായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ താരമെന്ന റെക്കോഡും മെസ്സിക്കു തന്നെ. അഞ്ചു തവണ ബാലണ്‍ദ്യോര്‍ നേടിയ റൊണാള്‍ഡോ രണ്ടാം സ്ഥാനത്തും. 2004 മുതല്‍ 2022 വരെ തുടര്‍ച്ചയായി 18 വര്‍ഷം ബാലണ്‍ദ്യോര്‍ പട്ടികയില്‍ ഇടംനേടിയ താരമാണ് റൊണാള്‍ഡോ. 2006 മുതല്‍ 2023 വരെ തുടര്‍ച്ചയായി 17 വര്‍ഷം മെസ്സിയും പട്ടികയില്‍ ഇടംനേടിയിരുന്നു.

2008 മുതല്‍ 2017 വരെ ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനായി മെസ്സി-റൊണാള്‍ഡോ പോരാട്ടമായിരുന്നു. എന്നാൽ 2018 ൽ പുരസ്‌കാരം സ്വന്തമാക്കി ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് ഇരുവരുടെയും ആധിപത്യം തകർത്തു. ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, എമിലിയാനോ മാര്‍ട്ടിനെസ്, കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ലമിന്‍ യമാല്‍, മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, തുടങ്ങിയവരെല്ലാം ഇത്തവണത്തെ 30 അംഗ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബാലണ്‍ദ്യോര്‍ ജേതാവിനെ ഒക്ടോബര്‍ 24 നാണ് പ്രഖ്യാപിക്കുക.

Tags:    

Similar News