ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്

Update: 2024-01-12 06:07 GMT

ഏഷ്യൻ കപ്പ് ഫുട്‌ബോളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. വൈകിട്ട് ഏഴിന് ഖത്തറും ലബനനും തമ്മിൽ ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.

ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോര് നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി ആരവങ്ങളുയരുകയാണ്. നിലവിലെ ചാമ്പ്യൻമാരെന്ന പെരുമ കൂടിയുള്ള ആതിഥേയരായ ഖത്തർ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എ-യിലെ താരതമ്യേന ദുർബലരാണ് ലബനൻ. പുതിയ കോച്ച് മാർക്വസ് ലോപസിന് കീഴിലെത്തുന്ന ടീമിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ് പറഞ്ഞു.

വൈകിട്ട് അഞ്ച് മണി മുതൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും.ഉദ്ഘാടന ചടങ്ങിന്റെ സസ്‌പെൻസ് സംഘാടകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.രണ്ട് മണി മുതൽ തന്നെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ശനിയാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശക്തരായ ആസ്‌ത്രേലിയയാണ് എതിരാളികൾ. 9 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഇന്ത്യൻ ആരാധകർ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്. ലുസൈലും അൽബെയ്ത്തും അടക്കം ഏഴ് ലോകകപ്പ് വേദികൾ ഉൾപ്പെടെ 9 സ്റ്റേഡിയങ്ങളിലായാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്നത്.

Similar News