പാരാലിംപിക്സ് ആർച്ചറിയിൽ ഹർവീന്ദർ സിങ്ങിന് സ്വർണം; പാരിസിൽ ഇന്ത്യയുടെ 22–ാം മെഡൽ

Update: 2024-09-05 05:25 GMT

പാരീസ് പാരാലിംപിക്സിൽ മെഡൽവേട്ടയിൽ കുതിച്ച് ഇന്ത്യ. ആർച്ചറിയിൽ ഹർവീന്ദർ സിങ്ങ് നേടിയത് ഇന്ത്യയുടെ നാലാം സ്വർണമാണ്. ആർച്ചറിയിൽ പുരുഷവിഭാഗം വ്യക്തിഗത റീകർവ് ഓപ്പൺ വിഭാഗത്തിലാണ് ഹർവീന്ദർ സിങ്ങ് സ്വർണം നേടിയത്. ഫൈനലിൽ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6–0ന് തകർത്താണ് ഹർവീന്ദർ സ്വർണം എയ്തിട്ടത്. ഇതോടെ പാരാലിംപിക്സ് ആർച്ചറിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയായി ഹർവീന്ദർ. പാരിസിൽ ഇന്ത്യയുടെ 22–ാം മെഡലാണ് ഹർവീന്ദർ സിങ്ങ് കൂട്ടിച്ചേർത്തത്. നാല് സ്വർണവും, 8 വെള്ളിയും, 10 വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ടോക്കിയോയിൽ ഇന്ത്യ നേടിയ ആകെ മെഡൽ നേട്ടത്തേക്കാൾ മൂന്നെണ്ണം കൂടുതലാണിത്.

ഇന്നു പുലർച്ചെ നടന്ന മത്സരങ്ങളിൽ ശരത് കുമാർ പുരുഷ വിഭാഗം ഹൈജംപിൽ വെള്ളി നേടി. ശരത് ടോക്കിയോ പാരാലിംപിക്സിൽ വെങ്കലം നേടിയിരുന്നു. ഇതേയിനത്തിൽ തമിഴ്നാട് താരം മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. 2016ലെ റിയോ പാരാലിംപിക്സിൽ ഇതേയിനത്തിൽ സ്വർണവും 2020ലെ ടോക്കിയോ പാരാലിംപിക്സിൽ വെള്ളിയും നേടിയ താരമാണ് മാരിയപ്പൻ. ഇതോടെ, പാരാലിംപിക്സിൽ മൂന്നു മെഡൽ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായി ഇദ്ദേഹം.

Tags:    

Similar News