സൗദിയിലെ വിവിധ മേഖലകളിൽ ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവരെ കാറ്റിനും നേരിയ മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 50 കി.മീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റ്, കുറഞ്ഞ ദൃശ്യപരത, പൊടിപടലമുണ്ടാക്കുന്ന കാറ്റ്, നേരിയ മഴ എന്നിവയാൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടിൽ വിശദീകരിച്ചു.
റിയാദ്, ഖസിം, കിഴക്കൻ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ദൂരദൃഷ്ടിയെ പരിമിതപ്പെടുത്തുന്ന സജീവമായ ഉപരിതല കാറ്റിനെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കൻ അതിർത്തിയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നു. വടക്കൻ അതിർത്തിയിലും തുറൈഫ്, അൽ ജൗഫ്, ഖുറയാത്ത് ഭാഗങ്ങളിലും നേരിയ മഴ പെയ്യാനുള്ള സാധ്യതയുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിലും അസീർ, അൽബാഹ തുടങ്ങിയ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും സൂചനയുണ്ട്.