ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾക്കായി ആളില്ലാ ടാക്സിയും. സൗദി അറേബ്യ സ്വയം ഓടിക്കുന്ന ഏരിയൽ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് ടാക്‌സിയാണിതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരെ എത്തിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഉപയോഗിക്കുക.
ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി തീർഥാടകരെ പുണ്യസ്ഥലങ്ങളിലുടനീളം എത്തിക്കുകയും മെഡിക്കൽ അത്യാഹിതങ്ങളും സപ്ലൈകളും വേഗത്തിൽ കൈകാര്യം ചെയ്യുകയും സാധനങ്ങൾ എത്തിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. തിരക്കേറിയ പ്രദേശങ്ങളിൽ യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംവിധാനം. പൂർണ്ണമായ നിരീക്ഷണം, അടിയന്തര സാഹചര്യങ്ങളില്‍ തിരക്കേറിയ റോഡുകള്‍ വഴി ആളുകളെ കൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മറികടക്കാന്‍ ഇതിലൂടെ സാധിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) പ്രസിഡണ്ട് അബ്ദുല്‍ അസീസ് അല്‍ ദുവൈലിജ്, ഗതാഗത ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അല്‍ റുമൈഹ്, പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിംഗ് ചടങ്ങ്. പൂര്‍ണമായും വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ചെറു വിമാനങ്ങളിലൊന്നാണ് ലിലിയം ജെറ്റുകള്‍. ഹ്രസ്വദൂര സര്‍വീസുകള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ എയര്‍ ടാക്‌സികള്‍.
ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി എയർ ടാക്‌സി സാങ്കേതികവിദ്യകൾ, ഇലക്ട്രിക് കാറുകൾ, ഹൈഡ്രജൻ ട്രെയിനുകൾ എന്നിവയ്ക്ക് തുടക്കം കുറിച്ച് ഗതാഗത മേഖലയെ നവീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. സ്‌മാർട്ട് മൊബിലിറ്റി വർധിപ്പിക്കാനും ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന നിയമനിർമ്മാണങ്ങളും നിയമങ്ങളും സംവിധാനങ്ങളും വികസിപ്പിക്കാനും മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ജാസർ പറഞ്ഞു. ഭാവിയിലെ ഗതാഗത സാങ്കേതികവിദ്യകളുടെ വികസനം സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നു. ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി പ്രയോഗിച്ച 32 ആധുനിക സാങ്കേതികവിദ്യകളിൽ ഒന്നാണ് ഏരിയൽ ടാക്സി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും മക്കയിലെ ഹോട്ടലുകള്‍ക്കുമിടയില്‍ ഹജ്ജ് തീര്‍ഥാടകരെ എത്തിക്കുന്നതിനായി ഭാവിയില്‍ പറക്കും ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കും. ഇതിനായി നൂറോളം വിമാനങ്ങള്‍ വാങ്ങാനാണ് സൗദി ഉദ്ദേശിക്കുന്നത്.