ഈ വർഷത്തെ മക്ക, മദീന ഹറമുകളിലെ ഉംറ സീസൺ പദ്ധതിക്ക് തുടക്കം. തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുന്നതിനും അവർക്ക് ഭക്തിനിർഭരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇരുഹറം മതകാര്യ ജനറൽ അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികൾക്കാണ് തുടക്കമായത്. ഉംറ സീസണിലുടനീളം നൂറുകണക്കിന് മതപരവും വൈജ്ഞാനികവുമായ സംരംഭങ്ങളുടെയും പരിപാടികളുടെയും പാക്കേജുകളാണ് തീർഥാടകർക്കായി ഒരുക്കുന്നത്.
പുതിയ ഹിജ്റ വർഷത്തിന്റെ തുടക്കത്തോടെയാണ് ഉംറ സീസൺ പദ്ധതി ആരംഭിച്ചതെന്ന് ജനറൽ അതോറിറ്റി മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. എല്ലാ സർക്കാർ ഏജൻസികൾക്കും പങ്കാളികൾക്കുമൊപ്പം തീർഥാടകരെ സേവിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ആശയം പരമാവധി ഉയർത്തിക്കൊണ്ട് ഉംറ സീസണിനെ ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇരുഹറമുകളിലെ ഉംറ സീസണിനായുള്ള പ്രവർത്തന പദ്ധതിയുടെ ദൈർഘ്യം ഒമ്പതു മാസമെടുക്കും. സീസണിനെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കും. ശഅബാൻ മാസാവസാനം സീസൺ അവസാനിക്കും. അതിനുശേഷം റമദാൻ മാസത്തേക്കുള്ള പദ്ധതി ആരംഭിക്കുമെന്നും അൽസുദൈസ് പറഞ്ഞു.
തീർഥാടകർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനും എല്ലായ്പോഴും സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഫലപ്രദമായി സേവനം നൽകുന്നതിനും സഹായിക്കുന്ന നിരവധി സ്മാർട്ട് റോബോട്ടുകൾ പുറത്തിറക്കാനുള്ള പ്രക്രിയയിലാണ് ജനറൽ അതോറിറ്റി ഏർപ്പെട്ടിരിക്കുന്നതെന്ന് അൽസുദൈസ് പറഞ്ഞു. ഇരുഹറമുകളിൽ പ്രബോധന മാർഗദർശന പരിപാടികൾ തുടരും. ഇതിനായി മുതിർന്ന പണ്ഡിതന്മാരും അധ്യാപകരും പങ്കെടുക്കുന്ന നിരവധി വൈജ്ഞാനിക-മാർഗനിർദേശ പഠന പ്രഭാഷണങ്ങൾ പ്രസിഡൻസി തയാറാക്കിയിട്ടുണ്ട്. സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ വൈവിധ്യവത്കരിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നിക്കുകളിൽ നിക്ഷേപം നടത്തുകയും. മതപരമായ എക്സിബിഷനുകൾ ആരംഭിക്കുകയും വിവിധ മേഖലകളിൽ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ സേവനത്തിനായി ഉപയോഗിക്കുകയും ചെയ്യുമെന്നും അൽസുദൈസ് പറഞ്ഞു.