സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

Update: 2024-05-22 08:30 GMT

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താ ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന മന്ത്രി സഭയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കിരീടാവകാശി.

ഉയർന്ന ശരീര താപനിലയും സന്ധിവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് രാജാവ് ഞായറാഴ്ച മുതൽ കൊട്ടാരത്തിലെ റോയൽ ക്ലിനിക്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. ജിദ്ദയിലെ അൽ സലാം റോയൽ പാലസ് ക്ലിനിക്കിലെ പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് ആൻറിബയോട്ടിക്കുകൾ നൽകി വരുന്നുണ്ട്.

രാജാവിന്റെ ആരോഗ്യ വിവരം അന്വേഷിച്ച എല്ലാവര്‍ക്കും കിരീടാവകാശി നന്ദി അറിയിച്ചു. രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കാനും അദ്ദേഹത്തിന് നല്ല ആരോഗ്യം നല്‍കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നതായും കിരീടാവകാശി പറഞ്ഞു.

അറബ് വിഷയങ്ങൾ, സംയുക്ത പ്രവർത്തന വികസനം, പ്രാദേശിക സുരക്ഷ മെച്ചപ്പെടുത്തൽ, അറബ് താൽപ്പര്യങ്ങൾ സംരക്ഷിക്കൽ എന്നിവയിൽ രാജ്യത്തിന്റെ പ്രതിബദ്ധത ഊന്നിപ്പറയുന്ന കൗൺസിൽ ഓഫ് അറബ് രാജ്യങ്ങളുടെ സമ്മേളന ഫലങ്ങളെക്കുറിച്ചും കിരീടാവകാശി കൗൺസിലിൽ വിശദീകരിച്ചു. സമീപകാല പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് പ്രാദേശിക, രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ കൗൺസിലിൽ ചർച്ച ചെയ്തതായി ഇൻഫർമേഷൻ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽ ദോസരി പറഞ്ഞു.

Tags:    

Similar News