പത്താമത് സൗദി ഫിലിം ഫെസ്റ്റിവലിന് ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) തുടക്കമായി. ഇത്റയും സിനിമ സൊസൈറ്റിയും സംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 76 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സൗദി സംവിധായകൻ അബ്ദുൽറഹ്മാൻ സന്ദോക്ജി സംവിധാനം ചെയ്ത ‘അണ്ടർ ഗ്രൗണ്ടാ’യിരുന്നു ഉദ്ഘാടന ചിത്രം.
ഓരോ വർഷം കഴിയുംതോറും ജി.സി.സി മേഖലയിൽ മേള പ്രശസ്തിയാർജിച്ചുവരുകയാണെന്ന് ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല പറഞ്ഞു. ഇന്ത്യൻ സിനിമ, സയൻസ് ഫിക്ഷൻ എന്നിവ ഈ വർഷത്തെ പ്രധാന തീമാണ്. ബോളിവുഡിന് അപ്പുറം ഇന്ത്യയുടെ സമ്പന്നമായ സിനിമ പാരമ്പര്യം വ്യക്തമാക്കുന്നതാണ് ഇന്ത്യൻ സിനിമ വിഭാഗം. ശിൽപശാലകളും സാംസ്കാരിക സെമിനാറുകളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും മേളയോടനുബന്ധിച്ച് നടക്കും.