നാലു ദിവസം കൂടിയാണ് ഇനി സൗദിയിൽ വേനൽകാലം അവസാനിക്കാൻ ബാക്കിയുള്ളതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ നിരീക്ഷകൻ അഖീൽ അൽ അഖീൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത മാസം തുടക്കത്തോടെ ശരത്കാലം ആരംഭിക്കും. നവംബർ പകുതിയോടെ ആരംഭിക്കുന്ന ശൈത്യകാലത്തിന് മുമ്പുള്ള പരിവർത്തന കാലഘട്ടമായാണ് ഈ കാലയളവിനെ കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കാലാവസ്ഥാ വ്യതിയാനം ശക്തമായിരിക്കും. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. അടുത്ത മാസം അവസാനം വരെ ഘട്ടം ഘട്ടമായി താപനില കുറഞ്ഞ് വരുമെന്നും അഖീൽ വ്യക്തമാക്കി.
മക്ക, മദീന, തെക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും പൊടിക്കാറ്റും ഉണ്ടായേക്കും. അടുത്ത മാസം ചൂടു കുറഞ്ഞ് തുടങ്ങുമെങ്കിലും കഠിനമായ ചൂട് സാവകാശമേ കുറയുകയുള്ളൂ. അതിനാൽ തന്നെ ഉച്ച സമയത്തെ പുറം ജോലിക്കുള്ള വിലക്ക് സെപ്തംബർ 15 വരെ തുടരും. ഈ വർഷം പതിവിലും നേരത്തെ ശൈത്യം ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. കഠിന തണുപ്പിന് സാധ്യത ഏറെയാണ് ഇത്തവണ. ഇടവിട്ടുള്ള സമയങ്ങളിൽ താരതമ്യേന മിതവും കഠിനവുമായ തണുപ്പ് രാജ്യത്തിന്റെ വടക്കൻ അതിർത്തി പ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും മദ്ധ്യ പ്രവിശ്യയിലും പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.