സൗദിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി വിപുലമായ സംവിധാനങ്ങളൊരുക്കുന്നു. രാജ്യത്ത് ആയിരം ഇലക്ട്രിക് കാർ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.
ഓട്ടോമോട്ടീവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് കൂടുതൽ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2030ഓടെ രാജ്യത്ത് ആയിരം ഫാസ്റ്റ് ചാർജിംഗ് സൈറ്റുകൾ സ്ഥാപിക്കുന്നതിന് കമ്പനി ധാരണയിലെത്തി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അയ്യായിരം ഫാസ്റ്റ് ചാർജറുകൾ അടങ്ങിയതാവും ഓരോ കേന്ദ്രവും.
പദ്ധതി ഇലക്ട്രിക് കാർ വിപണിയെ പ്രോൽസാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് കസാസ് പറഞ്ഞു. കമ്പനിയുടെ ആദ്യ കേന്ദ്രം റിയാദിൽ പ്രവർത്തനമാരംഭിച്ചു.