സൗദി ദേശീയ ദിനാഘോഷം; യാംബുവിൽ വർണശബള പരിപാടികളൊരുങ്ങുന്നു
94ാമത് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യാംബുവിലും വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നു. ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രണ്ട് പാർക്കിൽനിന്ന് യാംബു ടൗണിലുള്ള ഹെറിറ്റേജ് പാർക്ക് വരെ വിവിധ സന്നദ്ധ സംഘടനകളുടെ കൂടി സഹകരണത്തോടെ സൈക്കിൾ റാലി സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 6.30 വരെ യാംബു അൽ ബഹ്ർ ഷറം ബീച്ച് ഏരിയയിലുള്ള ചെങ്കടൽ ഭാഗത്ത് സമുദ്രോത്സവമായ ‘മറൈൻ ഷോ’ സംഘടിപ്പിക്കുന്നു.
യാംബുവിലെ അൽ അഹ്ലാം ടൂറിസം ഏരിയയിലാണ് ഫിഷറീസ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, സമുദ്ര കായികയിനങ്ങളിലെ താരങ്ങൾ തുടങ്ങി നിരവധിയാളുകൾ പങ്കെടുക്കുന്ന ജലറാലി സംഘടിപ്പിക്കുന്നത്. സൗദി പൈതൃകകലകളുടെയും പാരമ്പര്യ ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന ജലോത്സവം ആവേശത്തോടെയാണ് സ്വദേശികളും വിദേശികളും വരവേൽക്കുന്നത്. നടക്കാനിരിക്കുന്ന ‘മറൈൻ ഷോ’ ആസ്വദിക്കാൻ കാണികളുടെ വൻ തിരക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 5.15 മുതൽ ആറ് വരെ വാട്ടർ ഫ്രണ്ട് പാർക്കിൽനിന്നും യാംബു ടൗൺ ഹിസ്റ്റോറിക്കൽ ഏരിയയിലേക്ക് ‘സെക്യൂരിറ്റി മാർച്ച്’ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ ഹിസ്റ്റോറിക്കൽ പാർക്കിൽ അന്നേദിവസം ഏഴ് മുതൽ രാത്രി 12 വരെ വിവിധ കലാസാംസ്കാരിക പരിപാടികളും സൗദി എന്റർടെയിൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറും. റോയൽ കമീഷനിലെ ദാന മാളിലും ജവഹറ മാളിലും 21ാം തീയതി മുതൽ 24 വരെ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികൾ ഒരുക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. രാജ്യം രൂപവത്കരിച്ച് 94 വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷമാണ് സൗദിയിലെങ്ങും വരും ദിവസങ്ങളിൽ അരങ്ങേറുക. സെപ്റ്റംബർ 23നാണ് സൗദിയുടെ ദേശീയദിനമെങ്കിലും ദിവസങ്ങൾ നീളുന്ന പരിപാടികൾക്ക് രാജ്യത്തിന്റെ വിവിധ മേഖലകളിൽ തുടക്കമായി. ആഘോഷ വരവറിയിച്ച് തെരുവുകളിലും പാർക്കുകളിലും സന്ദേശബോർഡുകളും അലങ്കാരങ്ങളും പ്രദർശിപ്പിച്ചു തുടങ്ങി. സൗദിയുടെ പൈതൃകവും ചരിത്രവും പ്രകടിപ്പിക്കാനും രാജ്യത്തിെന്റ പാരമ്പര്യം പുതുതലമുറക്ക് പകർന്നു നൽകാനും ഉതകുന്ന വിവിധ ആഘോഷ പരിപാടികൾ നടക്കും. ദേശസ്നേഹവും രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനം വളർത്താനും ദേശീയ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും പര്യാപ്തമാകുന്ന വിവിധ പരിപാടികൾ നടത്താനുള്ള എല്ലാ ഒരുക്കവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ പൂർത്തിയാക്കിവരുകയാണ്.