വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ഡിജിറ്റൽ ഐ ഡി പുറത്തിറക്കി
വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹജ്ജ് വിസയിൽ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരം ഡിജിറ്റൽ ഐ ഡി നൽകുന്നത്. ഈ ഡിജിറ്റൽ ഐ ഡി ഉപയോഗിച്ച് കൊണ്ട് വിദേശ ഹജ്ജ് തീർത്ഥാടകർക്ക് അബിഷെർ, തവകൽന സംവിധാനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ സാധിക്കുന്നതാണ്.
സൗദി വിഷൻ 2030 പ്രകാരം ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന നയത്തിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ ഐ ഡി നടപ്പിലാക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി എന്നിവരുമായി ചേർന്നാണ് ഈ ഡിജിറ്റൽ ഐ ഡി ഒരുക്കിയിരിക്കുന്നത്.