സൗദി- ഇറാൻ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കും ; ഇരു രാജ്യങ്ങളിലേയും മന്ത്രിമാർ ചർച്ച നടത്തി
സൗദി- ഇറാൻ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികളുമായി ഇരുരാജ്യങ്ങളിയിലെയും മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖരീജിയും ഇറാൻ വിദേശകാര്യ ആക്ടിങ് മന്ത്രി അലി ബഗേരി കാനിയുമാണ് കഴിഞ്ഞ ദിവസം തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയത്. ഏഷ്യ കോർപറേഷൻ ഡയലോഗ് ഫോറത്തിന്റെ (എ.സി.ഡി) വിദേശകാര്യ മന്ത്രിമാരുടെ 19മത് യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ പ്രതിനിധീകരിച്ച് എൻജി. വലീദ് അൽ ഖരീജി സൗദി പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് നയിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. സൗദി-ഇറാൻ ബന്ധം ശരിയായ പാതയിലാണെന്ന് ഊന്നിപ്പറഞ്ഞ ഇറാൻ ആക്ടിങ് മന്ത്രി, സൗദി അറേബ്യയുമായി സമഗ്ര സഹകരണത്തിനായി തന്റെ രാജ്യം ഗൗരവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഫോൺ കോളുകളിലൂടെയോ ഉഭയകക്ഷി യോഗങ്ങളിലൂടെയോ നിരന്തരം ചർച്ച ചെയ്യും. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാനിയൻ വിദേശ കാര്യമന്ത്രി അലി ബഗേരിയും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തേ നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഗസ്സയിലെ പ്രതിസന്ധിയും റഫ നഗരത്തിലെ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ചർച്ചയിൽ വിഷയമായതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.