വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കിയ സൗദിയുടെ ആരോഗ്യ പദ്ധതികൾ ആഗോള ശ്രദ്ധ നേടുന്നു
ആരോഗ്യമേഖലയിലും ചികിത്സാരംഗത്തും മഹിതമായ സേവനങ്ങൾ ചെയ്ത് വിവിധ പദ്ധതികൾ രാജ്യങ്ങളിൽ നടപ്പിലാക്കിയുള്ള സൗദിയുടെ പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധനേടുന്നു. കിംങ് സൽമാൻ സെന്റർ ഫോർ ഹ്യൂമനാറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) ആഭിമുഖ്യത്തിലാണ് ദുരിതം പേറുന്ന വിവിധ രാജ്യങ്ങളിലെ ആളുകൾക്കായി സൗദി സേവനം ചെയ്യുന്നത്. വിവിധ ആരോഗ്യ പദ്ധതികൾ ലോകമെമ്പാടുമുള്ള ദുർബലരെ സഹായിക്കാൻ വഴിവെച്ചു. അടുത്തിടെ സുഡാനിലെ 'പോർട്ട് സുഡാനി'ൽ സന്നദ്ധ മെഡിക്കൽ പ്രോജക്ടുകൾ ഇതിനകം സൗദി പൂർത്തിയാക്കി. കുട്ടികൾക്കും മുതിർന്നവർക്കും ന്യൂറോ സർജറിയും നട്ടെല്ല് ശസ്ത്രക്രിയയും നൽകാനും കെ.എസ് റിലീഫ് സെന്റർ വഴി സാധിച്ചു. ആരോഗ്യ മേഖലയിലെ ഈ മഹത്തായ പദ്ധതിയുടെ ഭാഗമായി സൗദിയുടെ 15 ആരോഗ്യ സന്നദ്ധപ്രവർത്തകർ 28 ശസ്ത്രക്രിയകൾ നടത്തിയതായി സൗദി പ്രസ് ഏജൻസി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
യമനിലും റിലീഫ് സെന്റർ വിവിധ ആരോഗ്യ സേവന പദ്ധതികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളിലും മുതിർന്നവരിലും ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ വിവിധ സേവന പാദ്ധതികൾക്ക് സെന്റർ മേൽനോട്ടം വഹിച്ചു. യമനിൽ നടപ്പിലാക്കിയ പ്രത്യേക ആരോഗ്യ ക്യാമ്പയിനിൽ ആരോഗ്യ മേഖലയിലെ വിദഗ്ധരായ 23 സന്നദ്ധപ്രവർത്തകർ 25 ഓപ്പൺ ഹാർട്ട് സർജറികളും 166 മുതിർന്നവർക്കും 57 കുട്ടികൾക്കും മറ്റു ചില ചെറിയ സർജറികളും നടത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ ഇത്തരത്തിലുള്ള ആതുര സേവന മേഖലയിലുള്ള വിവിധ ശ്രമങ്ങൾ ലോകമെമ്പാടുമുള്ള നിർദ്ധനരായ ആളുകൾക്കുള്ള സൗദിയുടെ വർധിച്ച പിന്തുണയാണ് പ്രകടമാക്കുന്നത്.
ലബനാനിൽ മിനിയേ ജില്ലയിലെ സുബുൽ അൽ സലാം സോഷ്യൽ അസോസിയേഷൻ കെ.എസ്.റിലീഫ് സെന്ററിന്റ ധനസഹായത്തോടെയുള്ള ഒരാഴ്ചക്കുള്ളിൽ 64 ആംബുലൻസ് സേവനങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. ആംബുലൻസ് സേവനം രോഗികളെ ആശുപത്രികളിലേക്കും തിരിച്ചും കൊണ്ടുപോകുകയും ജില്ലയിലെ അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സേവനങ്ങൾ നൽകുകയും ചെയ്തു. ലബനനിലെ അഭയാർഥി മേഖലകളിലും ദുരിതം പേറുന്ന ആളുകൾക്ക് കൂടുതൽ ആംബുലൻസ് സേവനങ്ങൾ സജീവമാക്കാനും കൂടുതൽ പദ്ധതി ആവിഷ്കരിക്കാനും കെ.എസ്.റിലീഫ് സെന്റർ ലക്ഷ്യമിടുന്നുണ്ട്. വിവിധ പ്രകൃതി ദുരന്തങ്ങൾ കൊണ്ടും മറ്റും പ്രയാസപ്പെടുന്ന വിവിധ രാജ്യങ്ങളിലെ നിരവധി ദുർബലരായ ആളുകൾക്ക് സൗദിയുടെ ആരോഗ്യമേഖലയിലുള്ള വിവിധ പദ്ധതികൾവഴി ഏറെ ആശ്വാസം ലഭിച്ചിട്ടുണ്ട്.