സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ.
ഈ വർഷത്തെ ഹജിന് സൗദി പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ ആസ്ഥാനം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മക്കയ്ക്കും മദീനയ്ക്കും ജിദ്ദയ്ക്കുമിടയിൽ തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ നടപ്പാക്കിയ ഹറമൈൻ ട്രെയിൻ പദ്ധതിക്ക് 6000 കോടി റിയാൽ ചെലവഴിച്ചു. 6400 കോടി റിയാൽ ചെലവഴിച്ച് ജിദ്ദ വിമാനത്താവളം വികസിപ്പിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട തീർഥാടകർക്ക് സമ്പന്നമായ വിശ്വാസാനുഭവം സമ്മാനിക്കാൻ ചരിത്ര പള്ളികളും ഇസ്‌ലാമിക പൈതൃക കേന്ദ്രങ്ങളും വികസിപ്പിച്ചു. ലോകത്തെങ്ങും നിന്നുള്ള കൂടുതൽ മുസ്‌ലിംകൾക്ക് ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കി ഒരു കൂട്ടം പദ്ധതികളും നിയമ നിർമാണങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.