മദീനയിൽ സന്ദർശനം നടത്തി സൌദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
മദീനയിലെത്തിയ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെത്തി മസ്ജിദുന്നബവി സന്ദർശിക്കുകയും റൗളയിൽ പ്രാർഥന നടത്തുകയും ചെയ്തു. പള്ളിയിലെത്തിയ കിരീടാവകാശിയെ ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, മസ്ജിദുന്നബവി ഇമാമുമാരും ഖതീബുമാരും എന്നിവർ ചേർന്ന് സ്വീകരിച്ചു. പിന്നീട് ഖുബാഅ് പള്ളിയും സന്ദർശിച്ചു. അവിടെ രണ്ട് റക്അത്ത് നമസ്കാരം നിർവഹിക്കുകയും ചെയ്തു.
ഖുബാഅ് പള്ളിയിലെത്തിയ കിരീടാവകാശിയെ മദീന ഇസ്ലാമിക് അഫയേഴ്സ് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. വാജിബ് ബിൻ അലി അൽ ഉതൈബി, ഖുബാഅ് പള്ളി ഇമാം ഡോ. സുലൈമാൻ ബിൻ സലിമുല്ലാഹ് അൽ റുഹൈലി, ഖുബാഅ് പള്ളി മുഖ്യ മുഅദ്ദിൻ ശൈഖ് അഹമ്മദ് ഹസൻ ബുഖാരി, മദീന മേഖല മേയർ എൻജി. ഫഹദ് ബിൻ മുഹമ്മദ് അൽ ബലീഹഷി തുടങ്ങിയവർ സ്വീകരിച്ചു.
മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ബിൻ ഫൈസൽ, ശൈഖ് അബ്ദുല്ല ബിൻ ഈസ അലു ഖലീഫ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, അമീർ സഊദ് ബിൻ സൽമാൻ, സഹമന്ത്രിയും മന്ത്രിസഭാംഗവുമായ ശൈഖ് സാലിഹ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ്, മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും റോയൽ കോർട്ടിലെ ഉപദേശകനുമായ ഡോ. സഊദ് ബിൻ നാസർ അൽശത്രി എന്നിവർ കിരീടാവകാശിയെ അനുഗമിച്ചു.