സൗദി അറേബ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജിദ്ദ തുറമുഖത്ത് ഒരുങ്ങുന്നു
ചെങ്കടൽ തീരത്ത് ഒരു സംയോജിത വ്യാപാര കേന്ദ്രം സൃഷ്ടിക്കാനുള്ള ലോകത്തിന്റെ അഭിലാഷങ്ങളുടെ സാക്ഷാത്കാരമായി ജിദ്ദ ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നു.ദുബൈ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർ കമ്പനിയായ ഡി.പി വേൾഡും സൗദി പോർട്ട് അതോറിറ്റിയും (മവാനി) 90 കോടി റിയാൽ ചെലവിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ ഒരുക്കുന്ന പാർക്കിന്റെ നിർമാണം കഴിഞ്ഞമാസമാണ് ആരംഭിച്ചത്. ചരക്കുവ്യന്യാസത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് പാർക്കായിരിക്കും ഇത്.
4,15,000 ചതുശ്ര മീറ്റർ ഗ്രീൻഫീൽഡ് സൗകര്യം, 1,85,000 ചതുരശ്ര മീറ്റർ വെയർഹൗസിങ് സൗകര്യം, വിവിധ ഉദ്ദേശങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സ്റ്റോറേജ് യാർഡ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ ലോജിസ്റ്റിക് പാർക്ക്.
ഒരേസമയം 3,90,000ലധികം കണ്ടെയ്നറുകൾ സൂക്ഷിക്കാൻ ശേഷിയുണ്ടായിരിക്കും. ഏറ്റവും നൂതനമായ ചരക്ക് സംഭരണ, വിതരണ സേവനങ്ങളായിരിക്കും പാർക്കിൽ ഒരുക്കുക. ഇത് ഉപഭോക്താക്കൾക്ക് ജിദ്ദയിലേക്കും പുറത്തേക്കും സുഗമമായ ചരക്കുനീക്കത്തിന് സൗകര്യപ്രദമായിരിക്കും.മവാനിയും ഡിപി വേൾഡും 30 വർഷത്തെ ഉടമ്പടിയിലാണ് ഒപ്പിട്ടിരിക്കുന്നത്. 2022ൽ ഒപ്പുവെച്ച കരാർ പ്രകാരം 2025 രണ്ടാം പാദത്തിൽ നിർമാണം പൂർത്തിയാക്കി പാർക്ക് തുറക്കും.
വികസനപ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. വെയർഹൗസിന് മുകളിൽ 20 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കുന്ന സോളാർ പാനലുകളുടെ ഒരു മേൽക്കൂര ഒരുക്കുന്നുണ്ട്. 2020ൽ ഇരുകൂട്ടരും ഒപ്പുവെച്ച ഒരു കരാർപ്രകാരം സൗത്ത് കണ്ടെയ്നർ ടെർമിനലും പാർക്കിൽ ഒരുക്കും. ടെർമിനലിന്റെ പണി അവസാന ഘട്ടത്തിലാണ്.
2024 അവസാനം ഇതിന്റെ പണി പൂർത്തിയാകും.
ജിദ്ദ ഇസ്ലാമിക് പോർട്ടിലെ ഡിപി വേൾഡിന്റെ സൗത്ത് കണ്ടെയ്നർ ടെർമിനലുമായി ഈ പുതിയ ലോജിസ്റ്റിക് പാർക്കിനെ ബന്ധിപ്പിച്ച് വളർച്ച സുഗമമാക്കുകയും ടെർമിനലിൽ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്ന് പദ്ധതിയുടെ പ്രാരംഭ പ്രവർത്തന ചടങ്ങിൽ സംബന്ധിക്കവെ സൗദി തുറമുഖ അതോറിറ്റി (മവാനി) പ്രസിഡന്റ് ഒമർ ബിൻ തലാൽ ഹരീരി വ്യക്തമാക്കിയിരുന്നു. പ്രമുഖ ദേശീയ അന്തർദേശീയ കമ്പനികളുമായി സഹകരിച്ച് സൗദി തുറമുഖങ്ങളിലെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുടെ എണ്ണം വിപുലീകരിക്കാനുള്ള മവാനിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
സൗദി അറേബ്യ എല്ലായ്പ്പോഴും ഞങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണെന്ന് ഡിപി വേൾഡ് ചെയർമാനും സി.ഇ.ഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം പറഞ്ഞു. സുപ്രധാനമായ ഏഷ്യ-യൂറോപ്പ് കപ്പൽ ചാലിൽ തന്ത്രപരമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജിദ്ദ ലോജിസ്റ്റിക്സ് പാർക്ക്, ‘സൗദി വിഷൻ 2030’ന്റെ അഭിലഷണീയമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ലോകോത്തര മൾട്ടിമോഡൽ കണക്റ്റിവിറ്റിയും വിപണി പ്രവേശനവും നൽകും. ജിദ്ദയിലെ പ്രവർത്തനങ്ങൾ വ്യാപാരത്തിന്റഎ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധത അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദയിലെ യു.എ.ഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി, ഡിപി വേൾഡ് കൺട്രി ഹെഡ് മുഹമ്മദ് അൽ ശൈഖ്, മുതിർന്ന സൗദി സർക്കാർ പ്രതിനിധികൾ, ഡിപി വേൾഡിന്റെ നേതൃസംഘത്തിലെ അംഗങ്ങൾ തുടങ്ങിയവരുൾപ്പെടെയുള്ളവരാണ് കഴിഞ്ഞ മാസം നടന്ന നിർമാണ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചത്.
ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ ഫ്രൈറ്റ് ഫോർവേഡിങ് ഓഫീസുകൾ ആരംഭിച്ചതിന് പിന്നാലെയാണ് ലോജിസ്റ്റിക് സൗകര്യവുമായി ഡിപി വേൾഡ് സൗദിയിൽ അതിന്റെ ലോജിസ്റ്റിക് രംഗം വിപുലീകരിക്കുന്നത്.